പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായ സി.ജെ. റോയിയുടെ ആത്മഹത്യയിൽ ആദായനികുതി വകുപ്പിന് ആശ്വാസം. മരണത്തിന് ആദായനികുതി വകുപ്പിന്റെ റെയ്ഡുമായി ബന്ധമില്ലെന്ന് കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തി. മരണകാരണം വ്യക്തമാക്കുന്നതിനായി റോയിയുടെ സാമ്പത്തിക ഇടപാടുകളിൽ പ്രത്യേക ഓഡിറ്റ് നടത്താൻ എസ്.ഐ.ടി തീരുമാനിച്ചു. അന്വേഷണത്തിന്റെ വിശദാംശങ്ങൾ അറിയിക്കാൻ കർണാടക മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ സംഘത്തലവന് നോട്ടീസ് അയച്ചു.
അഴിക്കുന്തോറും സങ്കീർണ്ണമാവുകയാണ് സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം. ആത്മഹത്യാ വിവരം പുറത്തുവന്നതിന് പിന്നാലെ കൊച്ചിയിൽ നിന്നുള്ള ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനമാണ് മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചിരുന്നു. എന്നാൽ ദിവസങ്ങൾക്ക് മുൻപ് കോൺഫിഡന്റ് ഗ്രൂപ്പ് ഈ ആരോപണം ഔദ്യോഗികമായി പിൻവലിച്ചു. ഇതിന് തൊട്ടുപിന്നാലെയാണ് ആദായനികുതി വകുപ്പിന് പ്രത്യേക അന്വേഷണ സംഘം ക്ലീൻ ചിറ്റ് നൽകിയത്.
റോയിയെ ഉദ്യോഗസ്ഥർ സമ്മർദ്ദത്തിലാക്കിയതിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. മുൻകൂട്ടി നോട്ടീസ് നൽകി എത്തിയ ഉദ്യോഗസ്ഥർ രേഖകൾ പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും ഇത് ആത്മഹത്യയിലേക്ക് നയിക്കുന്ന സാഹചര്യമായിരുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഇതോടെ മരണകാരണം കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചു. മാനസിക സമ്മർദ്ദത്തിന് ചികിത്സ തേടിയ സാഹചര്യവും സംഘം പരിശോധിക്കുന്നുണ്ട്. ബെംഗളൂരു ജയനഗറിലെ പ്രമുഖ ആശുപത്രിയിൽ റോയി ചികിത്സ തേടിയിരുന്നു. കൂടാതെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിനായി സ്വകാര്യ ഏജൻസിയെ ഓഡിറ്റിന് ചുമതലപ്പെടുത്താനും എസ്.ഐ.ടി തീരുമാനിച്ചു.