തമിഴ്നാട്ടില്‍ വീണ്ടും പൊലീസ് എന്‍കൗണ്ടര്‍. പേരമ്പലൂരില്‍ ഗുണ്ടയെ പൊലീസ് വെടിവച്ചുകൊന്നു. പെരമ്പലൂർ ജില്ലയിലെ തിരുമാന്തുറൈ വനമേഖലയ്ക്ക് സമീപം നടന്ന പോലീസ് ഏറ്റുമുട്ടലിൽ കുപ്രസിദ്ധ ഗുണ്ട അഴക് രാജയാണ് തലയ്ക്ക് വെടിയേറ്റ് മരിച്ചത്. ഇയാൾക്കെതിരെ അഞ്ചിലധികം ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
തിങ്കളാഴ്ച രാത്രി ഊട്ടിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന അഴക് രാജ ഉൾപ്പെടെ ഏഴ് പ്രതികളെ മംഗലമേട് ഇൻസ്പെക്ടർ നന്ദകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പിന്നീട് വനമേഖലയില്‍ കൊണ്ടുപോയി ഒളിപ്പിച്ച ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു.
സംഭവസ്ഥലത്ത് വച്ച് പോലീസ് വാഹനത്തിന് നേരെ നാടൻ ബോംബ് എറിഞ്ഞ് രക്ഷപ്പെടാന്‍ അഴക് രാജ് ശ്രമച്ചു. വടിവാൾ ഉപയോഗിച്ചും ആക്രമിച്ചു. പ്രതിരോധിക്കാനായി ഇൻസ്പെക്ടർ നന്ദകുമാർ അഴക് രാജയുടെ തലയ്ക്ക് വെടിവച്ചു എന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ എസ്.ഐ. ശങ്കറിനെ പെരമ്പലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഴക് രാജയുടെ മൃതദേഹവും പോസ്റ്റ്‌മോർട്ടത്തിനായി അതേ ആശുപത്രിയിലേക്ക് അയച്ചു.
കുപ്രസിദ്ധ ഗുണ്ടയായ വെള്ളൈകാളി വധശ്രമക്കേസ് പ്രതിയാണ് അഴക് രാജ. കഴിഞ്ഞ ജനുവരി 24ന് കോടതി നടപടികൾക്കുശേഷം ദിണ്ടിഗൽ സബ് ജയിലിൽ നിന്ന് പുഴൽ ജയിലിലേക്ക് വെള്ളൈകാളിയെ കൊണ്ടുപോകുന്നതിനിടയ്ക്ക് അഴക് രാജയും സംഘവും ആക്രമിച്ചിരുന്നു. 15 അംഗ സംഘം പൊലീസ് വാഹനത്തിന് നേരെ ആറ് നാടൻ ബോംബുകൾ എറിയുകയായിരുന്നു. പൊലീസ് സംഘം തിരിച്ചുവെടിയുതിര്‍ത്തതിനെ തുടര്‍ന്ന് സംഘം രണ്ട് വാഹനങ്ങളിലായി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിനിടെ രണ്ട് പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.