TOPICS COVERED

കർണാടകയിൽ ഇത്തവണയും കൊലയാളിയായി പട്ടം ചരട്. പട്ടത്തിന്‍റെ ചരട് കഴുത്തില്‍ കുരുങ്ങി ഗുരുതരമായി പരിക്കേറ്റ മോട്ടോർ സൈക്കിൾ യാത്രക്കാരന്‍ മരിച്ചു. കർണാടകയിലെ ബിദാർ ജില്ലയിലെ തലമദഗി പാലത്തിന് സമീപമുള്ള റോഡില്‍വച്ചാണ് 48കാരനായ സഞ്ജുകുമാർ ഹോസമണിയുടെ ദാരുണാന്ത്യം. 

റോഡിന് കുറുകെയായി ഉണ്ടായിരുന്ന പട്ടംചരട് ഹൊസാമണിയുടെ കഴുത്തില്‍ കുരുങ്ങി ആഴത്തില്‍ മുറിവുണ്ടാക്കി.  മോട്ടോര്‍ സൈക്കിളില്‍ നിന്ന് കുഴഞ്ഞുവീഴുന്നതിനിടെ ഫോണില്‍ മകളുടെ നമ്പര്‍ ഡയല്‍ ചെയ്യാന്‍ ശ്രമിക്കുന്നതും  ദൃശ്യങ്ങളില്‍ കാണാം. അപകടം കണ്ട ഒരു വഴിയാത്രക്കാരന്‍ ഹൊസാമണിയുടെ മുറിവിൽ തുണികൊണ്ട് കെട്ടി രക്തസ്രാവം തടയാൻ ശ്രമിച്ചു. നാട്ടുകാര്‍ ആംബുലൻസ് വിളിച്ചെങ്കിലും അത് എത്തുമ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. ആംബുലൻസ് കൃത്യസമയത്ത് എത്തിയിരുന്നെങ്കിൽ ഹൊസാമണി രക്ഷപ്പെടുമായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു.

അപകടത്തിന്‍റെ പശ്ചാത്തലത്തിൽ നൈലോൺ പട്ടം ചരടുകൾ ഉപയോഗിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്നും അടിയന്തര സേവനങ്ങൾ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഹൊസമണിയുടെ ബന്ധുക്കളും നാട്ടുകാരും അപകടസ്ഥലത്ത് പ്രതിഷേധിച്ചു. സംഭവത്തില്‍  മണ്ണ എഖെല്ലി പോലീസ് സ്റ്റേഷനിൽ കേസെടുത്തു.  അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. മകരസംക്രാന്തിക്ക് പട്ടം പറത്തുന്നത് രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും പതിവാണ്. നേരത്തെ, പട്ടം പറത്താൻ പൊടിച്ച ഗ്ലാസ് പൂശിയ കോട്ടൺ പട്ടം ചരടുകൾ ഉപയോഗിച്ചിരുന്നുവെങ്കിലും കഴിഞ്ഞ കുറേ വർഷങ്ങളായി പല പ്രദേശങ്ങളിലും കോട്ടൺ ചരടുകൾക്ക് പകരം നൈലോൺ ചരടുകൾ വന്നിട്ടുണ്ട്. കൂടുതല്‍ സമയം ഈട് നില്‍ക്കുന്നതും കുറഞ്ഞ ചെലവുമാണ് നൈലോണ്‍ ചരടിനെ ജനകീയമാക്കിയത്. എന്നാൽ ഈ കാരണം തന്നെയാണ് നൈലോണ്‍ ചരടിനെ കൊലയാളിയാക്കുന്നത്. ‌ അത് ചർമ്മത്തില്‍ കുരുങ്ങിയാല്‍  ഗുരുതരമായ പരിക്കുകള്‍ക്കും മരണത്തിനും ഇടയാക്കിയേക്കാം. 

ഇരുചക്രയാത്രക്കാരാണ് ഏറ്റവുമധികം ഇത്തരം പട്ടം ചരടുകള്‍ക്ക് ഇരയാകാറ്. ചൈനീസ് മാഞ്ച എന്ന് വിളിക്കപ്പെടുന്ന ഈ ചരടുകൾ വർഷങ്ങളായി ജീവൻ അപഹരിക്കുന്നുണ്ട്. ഈ തിങ്കളാഴ്ച, മധ്യപ്രദേശിലെ ഇൻഡോറിലും പട്ടം ചരട് കഴുത്ത് കഴുത്തില്‍ കുടുങ്ങി രഘുവീർ ധാകർ എന്ന 45 കാരന്‍ മരിച്ചിരുന്നു. ഡൽഹിയിലും ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 2025 ജൂലൈയിൽ, 22 കാരനായ വ്യവസായി യാഷ് ഗോസ്വാമി വടക്കൻ ഡൽഹിയിലെ റാണി ഝാൻസി മേൽപ്പാലത്തിൽ സ്‌കൂട്ടറിലിരിക്കുമ്പോൾ പട്ടം ചരട് കഴുത്തിൽ ഇടിക്കുകയും ഇരുചക്രവാഹനത്തിൽ നിന്ന് വീഴുകയും ചെയ്തു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കൊലയാളി പട്ടം ചരട് 2023 ല്‍ ഡൽഹിയിലെ പശ്ചിം വിഹാറിൽ ഏഴു വയസ്സുകാരന്‍റെ മരണത്തിനും കാരണമായി. ഇത്തരം പട്ടം ചരടുകൾക്ക് പിടിച്ചെടുക്കാൻ അധികാരികൾ പരിശോധനകളും റെയ്ഡുകളും നടത്താറുണ്ടെങ്കിലും അപകടങ്ങള്‍ തടയാന്‍ ഇവ പര്യാപ്തമാകുന്നില്ലെന്നാണ് ആവർത്തിച്ചുള്ള മരണങ്ങള്‍  സൂചിപ്പിക്കുന്നത്.

ENGLISH SUMMARY:

Kite string death is a recurring tragedy in India, particularly involving nylon strings. These strings, often called 'Chinese Manjha,' cause severe injuries and fatalities, especially to motorcyclists, prompting calls for bans and stricter regulations