actor-vijay-questioned-cbi

41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴ് വെട്രി കഴകം (TVK) അധ്യക്ഷനും നടനുമായ വിജയ്‌യെ സിബിഐ ചോദ്യം ചെയ്തു. ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് നടന്ന മൊഴിയെടുപ്പ് അഞ്ച് മണിക്കൂറോളം നീണ്ടുനിന്നു. ഇന്ന് രാവിലെ 11:30-ഓടെ ആസ്ഥാനത്തെത്തിയ വിജയ്‌യുടെ മൊഴിയെടുപ്പ് ഉച്ചയ്ക്ക് 12 മണിയോടെയാണ് ആരംഭിച്ചത്.

ദുരന്തവുമായി ബന്ധപ്പെട്ട 35 പ്രധാന ചോദ്യങ്ങളാണ് സിബിഐ വിജയ്‌ക്ക് മുന്നിൽ വെച്ചത്. ദുരന്തസ്ഥലത്തേക്ക് എത്താൻ വിജയ് ഏഴ് മണിക്കൂറോളം വൈകിയത് എന്തുകൊണ്ട്, അവിടെ ഏർപ്പെടുത്തിയിരുന്ന സുരക്ഷാ ക്രമീകരണങ്ങൾ, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ വന്ന വീഴ്ചകൾ എന്നിവയെക്കുറിച്ചായിരുന്നു പ്രധാനമായും ചോദ്യം ചെയ്തത്. ദുരന്തത്തിൽ സർക്കാരിനും പൊലീസിനും വീഴ്ച പറ്റിയെന്ന വിജയ്‌യുടെ മുൻപത്തെ ആരോപണങ്ങൾക്കുള്ള തെളിവുകളും സിബിഐ ആരാഞ്ഞു.

സാധാരണഗതിയിൽ ഉന്നത വ്യക്തികളെ ചോദ്യം ചെയ്യുമ്പോൾ സിബിഐ നടപടികൾ വിഡിയോയിൽ ചിത്രീകരിക്കാറുള്ളതാണെങ്കിലും വിജയ്‌യുടെ കാര്യത്തിൽ അത് ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. ഒരു രാഷ്ട്രീയ പാർട്ടി അധ്യക്ഷൻ കൂടിയായ വിജയ്‌യുടെ മൊഴിയെടുപ്പിൽ എന്തുകൊണ്ടാണ് ഈ നടപടി ഒഴിവാക്കിയത് എന്നതിൽ വ്യക്തത വന്നിട്ടില്ല. മൊഴിപ്പകർപ്പ് വിജയ്‌യുടെ അഭിഭാഷകർ വിശദമായി പരിശോധിച്ചു. 

തുടർച്ചയായി നാളെയും മൊഴിയെടുപ്പ് നിശ്ചയിച്ചിരുന്നെങ്കിലും, തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ പൊങ്കൽ പ്രമാണിച്ച് തനിക്ക്  ഇളവ് വിജയ് ആവശ്യപ്പെടുകയായിരുന്നു. ഈ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് സിബിഐ നാളത്തെ നടപടികളിൽ നിന്ന് താരത്തിന് ഇളവ് അനുവദിച്ചത്.

ENGLISH SUMMARY:

Actor Vijay was questioned by the CBI regarding the Karur tragedy. The inquiry, held at the CBI headquarters in Delhi, lasted for about five hours and focused on his statements and the circumstances surrounding the incident.