ഡല്‍ഹി കര്‍ത്തവ്യപഥിലെ റിപബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ അഭിമാനമാകാനൊരുങ്ങി എന്‍സിസി കേഡറ്റുകള്‍. 174 വിദ്യാര്‍ഥികളാണ് രാജ്യതലസ്ഥാനത്തെ റിപ്പബ്ലിക് ദിന ക്യാമ്പിലുള്ളത്. കേരളത്തില്‍നിന്ന് ആദ്യമായി ഇത്തവണ ആണ്‍കുട്ടികളുടെ ബാന്‍ഡ് സംഘവുമുണ്ട്.
അതിശൈത്യം വകവയ്ക്കാതെ പുലര്‍ച്ചെമുതല്‍ ഊര്‍ജസ്വലരായി പരിശീലനത്തിലാണ് കേഡറ്റുകള്‍. എന്‍.സി.സി റിപ്പബ്ലിക് ദിന ക്യാമ്പില്‍ ഇത്തവണ 2,406 കേഡറ്റുകളുണ്ട്. കേരള, ലക്ഷദ്വീപ് ഡയറക്ട്രേറ്റിനെ പ്രതിനിധീകരിച്ച് 174 പേര്‍. കേരളത്തില്‍നിന്ന് ആദ്യമായാണ് ആണ്‍കുട്ടികളുടെ ബാന്‍ഡ് കണ്ടിജന്‍റ് ക്യാമ്പിലെത്തുന്നത്. 45 അംഗ സംഘത്തില്‍ 29 പേരും തൊടുപുഴ ന്യൂമാന്‍ കോളജില്‍നിന്നാണ്.
തിരുവനന്തപുരത്ത് 40 ദിവസത്തെ പരിശീലനത്തിനുശേഷമാണ് കഴിഞ്ഞ ആഴ്ച സംഘം ഡല്‍ഹിയിലെത്തിയത്. പരിശീലത്തിനുശേഷം തിരഞ്ഞെടുക്കപ്പെടുന്നവര്‍ കര്‍ത്തവ്യപഥിലെ റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കും. ഡൽഹി കാന്റിലെ ക്യാംപ് എൻസിസി ഡയറക്ടർ ജനറൽ സന്ദര്‍ശിച്ചു. ഉപരാഷ്ട്രപതിയും പ്രതിരോധ മന്ത്രിയും സേനാ മേധാവിമാരും വരുംദിവസങ്ങളില്‍ ക്യാമ്പിലെത്തും. ജനുവരി 28 ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയോടെയാണ് ക്യാംപ് സമാപിക്കുക.