രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ പശ്ചിമ ബംഗാളിനും അസമിനും ഇടയില്‍ സര്‍വീസ് നടത്തും. ഇരു സംസ്ഥാനങ്ങളിലും ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം. അടുത്തവര്‍ഷം ഓഗസ്റ്റ് 15 ന് ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നും കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
കൊൽക്കത്ത – ഗുവാഹത്തി റൂട്ടിലാണ് ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് നടത്തുന്നത്. 20 ദിവസത്തിനകം ഉദ്ഘാടനം ഉണ്ടാകും. വിമാന യാത്രാനിരക്കിനേക്കാള്‍ വളരെ കുറവായിരിക്കും വന്ദേഭാരത് സ്ലീപ്പര്‍ നിരക്കെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. തേർഡ് എസിക്ക് ഭക്ഷണം ഉൾപ്പെടെ 2,300 രൂപയും സെക്കൻഡ് എസിക്ക് 3,000 രൂപയും ഫസ്റ്റ് എസിക്ക് 3,600 രൂപയുമായിരിക്കും ഏകദേശ ചാര്‍ജ്. ഇന്നലെ ട്രെയിനിന്‍റെ അന്തിമ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.
മുംബൈ– അഹമ്മദാബാദ് പാതയിലാണ് ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്തുക. ആദ്യഘട്ടത്തില്‍ സൂറത്ത് മുതല്‍ ബിലിമോറ വരെയാണ് സര്‍വീസ്. പിന്നീട് നാലുഘട്ടങ്ങളിലായി പദ്ധതി പൂര്‍ത്തിയാക്കും. മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള 508 കിലോമീറ്റര്‍ ദൂരം രണ്ട് മണിക്കൂര്‍ 17 മിനിറ്റില്‍ ട്രെയിന്‍ പിന്നിടും എന്നാണ് കണക്കാക്കുന്നത്.