ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും ഇറങ്ങാനുള്ള ശ്രമത്തിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ കുടുങ്ങി യുവാവ്. അയോധ്യയിലെ രുദൗളി റെയിൽവേ സ്റ്റേഷനിലാണ് നടുക്കുന്ന സംഭവമുണ്ടായത്. ആര്‍പിഎഫിന്‍റെ ഇടപെടലില്‍ രക്ഷപ്പെട്ടത് യുവാവിന്‍റെ ജീവനാണ്.
ഓടിക്കൊണ്ടിരുന്ന കിഷൻഗഞ്ച് ഗരീബ് നവാസ് എക്സ്പ്രസില്‍ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണ യുവാവ് ട്രെയിനിന്‍റെ പടികൾക്കും പ്ലാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങുകയായിരുന്നു. പെട്ടെന്നുണ്ടായ സംഭവം കണ്ട് സ്റ്റേഷനിലെ യാത്രക്കാര്‍ പരിഭ്രാന്തിയിലായി. വിവരം അറിഞ്ഞയുടൻ ആർപിഎഫ് ജവാന്മാർ സ്ഥലത്തെത്തി. യുവാവിന്‍റെ കാൽ പുറത്തെടുക്കാൻ സാധിക്കാത്ത വിധം കുടുങ്ങിയിരിക്കുകയായിരുന്നു.
ഗുരുതരമായ സാഹചര്യത്തില്‍ പ്ലാറ്റ്‌ഫോമിന്‍റെ ഒരു ഭാഗം പൊളിച്ചാണ് യുവാവിനെ പുറത്തെടുത്തത്. പരുക്കേറ്റ യുവാവിനെ ഉടൻ തന്നെ റെയിൽവേ ഉദ്യോഗസ്ഥർ റുഡൗലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് എത്തിച്ചു. ഇയാളുടെ നില നിലവിൽ തൃപ്തികരമാണ്. സംഭവത്തെത്തുടർന്ന് കിഷൻഗഞ്ച് ഗരീബ് നവാസ് എക്സ്പ്രസ് ഏകദേശം 19 മിനിറ്റ് നിർത്തിയിടേണ്ടി വന്നു.
ട്രെയിൻ കൃത്യസമയത്ത് നിർത്താൻ സാധിച്ചതും ആർപിഎഫിന്റെ സമയോചിത ഇടപെടലുമാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്. ഓടുന്ന ട്രെയിനിൽ കയറാനോ ഇറങ്ങാനോ ശ്രമിക്കരുതെന്ന് റെയിൽവേ അധികൃതർ യാത്രക്കാർക്ക് വീണ്ടും മുന്നറിയിപ്പ് നൽകി.