ബംഗ്ലദേശില്‍ ഇടക്കാല ഭരണകൂടത്തിന്‍റെ തലവന്‍ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം കനക്കുന്നു. ജെന്‍സി പ്രക്ഷോഭ നേതാവ് ഉസ്മാന്‍ ഹാദിയുടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തത്തില്‍നിന്ന് യൂനുസിന് മാറിനില്‍ക്കാനാവില്ലെന്ന് സഹോദരന്‍ ഒമര്‍ ഹാദി മുന്നറിയിപ്പ് നല്‍കി. രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കുന്നത് തിരഞ്ഞെടുപ്പിന്‍റെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്ന് യു.എസ്. ജനപ്രതിനിധികള്‍ പറഞ്ഞു.
ഇന്ത്യ വിരുദ്ധ നീക്കങ്ങളിലൂടെ ബംഗ്ലദേശ് ജനതയുടെ പ്രീതി പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന മുഹമ്മദ് യൂനുസിനേറ്റ കനത്ത തിരിച്ചടിയാണ്
ഒസ്മാന്‍ ഹാദിയുടെ കുടുംബത്തിന്‍റെ നിലപാട്. ഒസ്മാന്‍ ഹാദിയെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പ്രതികളെ പിടികൂടാന്‍
കഴിഞ്ഞില്ലെങ്കില്‍ യൂനുസ് നാടുവിടേണ്ടിവരും. കൊലപാതകത്തിന്‍റെ പേരില്‍ തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകാനുള്ള നീക്കം അംഗീകരിക്കില്ലെന്നും ഒമര്‍ ഹാദി വ്യക്തമാക്കി.
ഒസ്മാന്‍ ഹാദിയുടെ ഇന്‍ക്വിലാബ് മോഞ്ചോ പാര്‍ട്ടി ഇന്നലെ ധാക്കയില്‍ യൂനുസ് സര്‍ക്കാരിനെതിരെ പ്രകടനം നടത്തിയിരുന്നു. അതേസമയം ന്യൂനപക്ഷ അതിക്രമങ്ങളില്‍ പ്രതിഷേധം കനത്തതോടെ അനുകൂല നടപടികളുമായി ഇടക്കാല ഭരണകൂടം രംഗത്തെത്തി. ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്ന ദീപു ചന്ദ്രദാസിന്‍റെ കുടുംബത്തിന്‍റെ സംരക്ഷണം ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അവാമി ലീഗിനെയടക്കം മാറ്റിനിര്‍ത്തുന്നതും ഇടക്കാല സര്‍ക്കാര്‍ രൂപംകൊടുത്ത ട്രൈബ്യൂണലിന്‍റെ വിധികളും നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പിന്‍െ വിശ്വാസ്യത ചോദ്യംചെയ്യുമെന്ന് യു.എസ്. ജനപ്രതിനിധികള്‍ പറഞ്ഞു.