ന്യൂനപക്ഷ അതിക്രമത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ ബംഗ്ലദേശ് ഹൈക്കമ്മിഷനു സമീപത്തേക്ക് വി.എച്ച്.പി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ടുപോകാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഇന്ത്യന്‍ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ബംഗ്ലദേശ് പ്രതിഷേധം അറിയിച്ചു. ബംഗ്ലദേശില്‍ ഹിന്ദു യുവാവ് ദീപു ചന്ദ്രദാസിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് വി.എച്ച്.പിയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകള്‍ ഹൈക്കമ്മിഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയത്.

ദേശീയ പതാകയും മുഹമ്മദ് യൂനുസ് സര്‍ക്കാരിന് എതിരായ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും ഏന്തിയായിരുന്നു പ്രകടനം. സ്ത്രീകളടക്കം ആയിരത്തോളം വരുന്ന പ്രവര്‍ത്തകരെ ഒരു കിലോമീറ്റര്‍ അകലെ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ മുന്നോട്ടുപോകാന്‍ ശ്രമിച്ചതോടെ വാക്കേറ്റവും ഉന്തുംതള്ളുമായി. മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ പ്രതിഷേധം അവസാനിപ്പിക്കുന്നതായി വി.എച്ച്.പി നേതാക്കള്‍ അറിയിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. 

ബംഗാളിലും മധ്യപ്രദേശിലും അടക്കം വിവിധയിടങ്ങിലും പ്രതിഷേധപ്രകടനം നടന്നു. ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയ ബംഗ്ലദേശ് വിദേശകാര്യ മന്ത്രാലയം നയതന്ത്ര കാര്യാലയങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടു. ഇന്നലെ ബംഗാളിലെ ബംഗ്ലദേശ് അസിസ്റ്റന്‍റ് ഹൈക്കമ്മിഷന്‍ ആസ്ഥാനത്തേക്കും പ്രതിഷേധപ്രകടനം നടന്നിരുന്നു. ഡല്‍ഹിയിലെയും ബംഗാളിലെയും വിസ സേവനങ്ങള്‍ ബംഗ്ലദേശ് താല്‍ക്കാലികമായി നിര്‍ത്തി. നേരത്തെ ചത്തോഗ്രമിലെ വിസ സേവന കേന്ദ്രം ഇന്ത്യയും താല്‍ക്കാലികമായി അടച്ചിരുന്നു.

ENGLISH SUMMARY:

Minority rights protest occurred in Delhi. The protest was against the oppression of minorities and led to clashes with the police near the Bangladesh High Commission, resulting in arrests and diplomatic tensions.