''ഇത് വെറുമൊരു സര്‍വീസ് കേസല്ല, സ്ഥലംമാറ്റ പ്രശ്നവുമല്ല, മനുഷ്യത്വത്തിന്‍റെ പ്രശ്നമാണ്. ഭിന്നശേഷിക്കാരനായ കുട്ടിയുടെ ഭരണഘടനാപരമായ അവകാശത്തിന്‍റെയും അതിജീവനത്തിന്‍റെയും പ്രശ്നമാണ്'' രണ്ടുമക്കളുടെ അമ്മയായ, വിധവയായ ആ സൈനികോദ്യോഗസ്ഥ രാജ്യത്തെ പരമോന്നത കോടതിയോടു പറഞ്ഞത് ഉള്ളുപൊള്ളുന്ന വാക്കുകളാണ്.
തിരുവനന്തപുരം സൈനിക ആശുപത്രിയിൽ ലെഫ്റ്റനന്റ് കേണലായ സുമം ടി മാത്യുവാണ് ഹരിയാനയിലേക്കുള്ള തന്‍റെ സ്ഥലംമാറ്റം റദ്ദാക്കാന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഭിന്നശേഷിക്കാനായ എട്ടുവയസുള്ള മകനെ നോക്കാന്‍ താന്‍മാത്രമേയൊള്ളു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
ഹരിയാനയിലെ ചണ്ഡിമന്ദിറിലേക്ക് സ്ഥലംമാറ്റിയുള്ള കരസേനയുടെ ഉത്തരവിനെതിരെ ഉദ്യോഗസ്ഥ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും സ്ഥലം മാറ്റം ശരിവച്ചു.
മക്കള്‍ക്കായുള്ള പോരാട്ടത്തില്‍ അവര്‍ തളര്‍ന്നില്ല. സ്ഥലംമാറ്റ ഉത്തരവ് ചോദ്യം ചെയ്ത സുപ്രീം കോടതിയിലേക്ക്. സ്ഥലം മാറ്റം സ്റ്റേ ചെയ്ത് സുപ്രീം കോടതിയുടെ ആശ്വസ ഉത്തരവ്. ജസ്റ്റിസുമാരായ ദീപങ്കർ ദത്തയും അഗസ്റ്റിൻ ജോർജ് മാസിഹുമടങ്ങുന്ന ബെഞ്ച് ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്യതത്. ഉദ്യോഗസ്ഥയുടെ ഹർജിയിൽ കേന്ദ്ര സർക്കാരിനും സേന അധികൃതര്‍ക്കും നോട്ടീസുമയച്ചു.
2006 മുതൽ മിലിട്ടറി നഴ്സിങ് സർവീസിൽ സേവനമനുഷ്ഠിക്കുന്ന സുമം ടി മാത്യുവിന് 2021ൽ ഭർത്താവിനെ നഷ്ടപ്പെട്ടു. ഇപ്പോള്‍ പതിനാറും എട്ടും വയസ്സുള്ള ആൺമക്കള്‍ക്ക് ഏക ആശ്രമാണ് സുമം. അച്ഛനെ നഷ്ടപ്പെട്ട ആഘാതം മൂത്തമകനെ വല്ലാതെ ബാധിച്ചു, അവന്‍ വിഷാദ രോഗവും അപസ്മാരവും പെരുമാറ്റ വെല്ലുവിളികളും നേരിടുന്നു. ദിനചര്യയിലോ ചുറ്റുപാടിലോ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും അപസ്മാരത്തിനും മറ്റുപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് മൂത്ത മകനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ മുന്നറിയിപ്പുണ്ട്. ഇളയ മകന് ഗുരുതരമായ ഓട്ടിസം കാരണം 80 ശതമാനമാണ് ഭിന്നശേഷി. രണ്ട് കുട്ടികള്‍ക്കും തന്റെ പൂർണ്ണ സാന്നിധ്യവും പരിചരണവും അത്യാവശ്യമാണെന്നും സൈനികോദ്യോഗസ്ഥ ഹര്‍ജിയില്‍ വിശദീകരിക്കുന്നു.
തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്, നിഷ്, സിഡിസി, അതിധി, തെറാപ്പി സെന്ററുകൾ തുടങ്ങിയവെയാണ് വര്‍ഷങ്ങളായി മക്കളുടെ അതിജീവനത്തിന് പിന്തുണയേകുന്നത്. ഹരിയാനയിലേക്ക് സ്ഥലംമാറിയാല്‍ തെറാപ്പിയും അനുബന്ധ പരിചരണവുമെല്ലാം താളംതെറ്റും. അത് മക്കളുടെ ജീവിതത്തെതന്നെ ബാധിക്കും. ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിചാരകരെ കുട്ടിയില്‍നിന്ന് വേര്‍പ്പെടുത്തരുതെന്ന് വിവിധ നയരേഖകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭാഷാ, സ്കൂൾ, അയൽക്കാർ, തെറാപ്പിസ്റ്റുകൾ, മെഡിക്കൽ ആവാസവ്യവസ്ഥ എന്നിവയുടെ തുടര്‍ച്ച നഷ്ടപ്പെടുന്നതും കുട്ടികളില്‍ പ്രത്യാഘാതമുണ്ടാക്കും. ഹൈക്കോടതി ഇക്കാര്യം പരിഗണിച്ചില്ലെന്നും ഉദ്യോഗസ്ഥയുടെ ഹര്‍ജിയില്‍ വാദിക്കുന്നു.
സൈനികോദ്യോഗസ്ഥയ്ക്കായി മുതിർന്ന അഭിഭാഷകൻ പിജൂഷ് കാന്തി റോയിയും അഭിഭാഷകരായ കെ ഗിരീഷ് കുമാര്‍, ദേവരാജ് എന്നിവരുമാണ് സുപ്രീം കോടതിയില്‍ ഹാജരായത്. ഭിന്നശേഷിക്കാരുടെ അവകാശങ്ങളും സ്ഥലംമാറ്റം അവരിലുണ്ടാക്കുന്ന പ്രത്യാഘാതവും പരിഗണിക്കുന്നതില്‍ ഹൈക്കോടതിക്ക് വീഴ്ച പറ്റിയെന്ന വിലയിരുത്തലാണ് സുപ്രീം കോടതിയുടെ സ്റ്റേ ഉത്തരവില്‍ പ്രതിഫലിക്കുന്നതെന്ന് അഭിഭാഷകര്‍ പറഞ്ഞു.