യാത്ര പ്രതിസന്ധിയിൽ ഇൻഡിഗോക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രസർക്കാർ. ഡിജിസിഎ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഇൻഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സ് ഇന്ന് മറുപടി നൽകും. വീഴ്ച പറ്റിയെന്നും ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ നടപ്പിലാക്കുന്നതിന് പര്യാപ്തമായ സജ്ജീകരണങ്ങൾ ഉണ്ടായില്ല എന്നും പീറ്റര്‍ എല്‍ബേഴ്സ് സമ്മതിച്ചു. വ്യോമയാന മന്ത്രിയും ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിലാണ് വീഴ്ച സമ്മതിച്ചത്.
റീ - ഫണ്ട് നടപടികൾ ഇന്നും ലഗേജുകൾ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്നത് നാളെയും പൂർത്തിയാക്കാൻ വ്യോമയാന മന്ത്രാലയം ഇൻഡിഗോക്ക് നിർദേശം നൽകിയിട്ടുണ്ട്. റദ്ദാക്കപ്പെടുന്ന സർവീസുകളുടെ എണ്ണം ഇന്നുമുതൽ കുറഞ്ഞു വരുമെന്നാണ് ഇൻഡിഗോയുടെ ഉറപ്പ്. ഡൽഹി അടക്കമുള്ള ഇടങ്ങളിൽ നിന്നുള്ള നിരവധി വിമാനങ്ങളാണ് ഇന്നും റദ്ദാക്കുന്നത്. ബെംഗളൂരുവില്‍ 61 സര്‍വീസുകള്‍ റദ്ദാക്കി. തിരക്ക് ഒഴിവാക്കാൻ സജ്ജീകരിച്ച 89 ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. അധിക കോച്ചുകളും വിന്യസിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെ ഈ ട്രെയിൻ സർവീസുകൾ തുടരും..
കേരളത്തിലും ഇന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. തിരുവനന്തപുരത്ത് 5 ആഭ്യന്തര സര്‍വീസുകളും കരിപ്പൂരില്‍ ഒന്നും നെടുമ്പാശേരിയില്‍നിന്ന് മൂന്നും അടക്കം 9 സര്‍വീസുകളാണ് കേരളത്തില്‍ റദ്ദാക്കിയത്. കരിപ്പൂരില്‍നിന്നുള്ള ഡല്‍ഹി സര്‍വീസാണ് റദ്ദാക്കിയത്. കൊച്ചിയില്‍ നിന്നുള്ള ബെംഗളൂരു, അഗത്തി, അഹമ്മദാബാദ് വിമാനങ്ങളും റദ്ദാക്കി. തിരുവനന്തപുരത്തുനിന്നുള്ള ഡല്‍ഹി,ചെന്നൈ,ബെംഗളൂരു വിമാനങ്ങളും ഹൈദരാബാദിലേക്കുള്ള 2 സര്‍വീസും റദ്ദാക്കി. പുലര്‍ച്ചെ ഒന്നിന് പുറപ്പെടേണ്ട ഷാര്‍ജ വിമാനം മൂന്നുമണിക്കൂര്‍ വൈകി നാലുമണിക്കാണ് പുറപ്പെട്ടത്.
ഇൻഡിഗോ സർവീസുകൾ ഇനിയും സാധാരണ നിലയിലാകാത്തതിനാൽ യാത്രക്കാരുടെ ദുരിതം തുടരുന്നു. ബെംഗളുരു, അഹമ്മദാബ്, അഗത്തി എന്നിവിടങ്ങളിലേയ്ക്ക് അടക്കം കൊച്ചിയിൽ നിന്നുള്ള അഞ്ച് സർവീസുകൾ ഇന്ന് റദ്ദാക്കി. ശബരിമല തീർഥാടകർ അടക്കം ഇപ്പോഴും വിമാനത്താവളത്തിൽ കുടുങ്ങിയ അവസ്ഥയിലാണ്. റായ്പുർ എയിംസിൽ പഠനാവശ്യത്തിന് എത്തിച്ചേരേണ്ട ആലപ്പുഴയിൽ നിന്നുള്ള വിദ്യാർഥിനി ഇസബെൽ പങ്കുവച്ചത് വലിയ ആശങ്കയാണ്.