ബുധനാഴ്ചയോടെ സര്‍വീസുകള്‍ സാധാരണ നിലയിലാകുമെന്ന് ഇന്‍ഡിഗോ വിമാന കമ്പിനി. ഇന്ന് റദ്ദാക്കപ്പെട്ടത് നാന്നൂറോളം സര്‍വീസുകള്‍ മാത്രം. ഡിജിസിഎയുടെ കാരണം കാണിക്കല്‍ നോട്ടിസിന് ഇന്‍ഡിഗോ സിഇഒ ഉടന്‍ മറുപടി നല്‍കും. പാർലമെന്‍ററി സമിതി ഇൻഡിഗോ പ്രതിനിധികളെ വിളിപ്പിക്കും. 

റദ്ദാക്കപ്പെടുന്ന സര്‍വീസുകളുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുത്തനെ കുറഞ്ഞതായി ഇന്‍ഡിഗോ. മിനിഞ്ഞാന്ന് ആയിരത്തിലേറെ സര്‍വീസുകളാണ് റദ്ദാക്കിയത്, ഇന്നലെ 850 സര്‍വീസുകള്‍, ഇന്ന് അഞ്ഞൂറില്‍ താഴെ. ബുധനാഴ്ചയോടെ സാധാരണ നിലയിലേക്കെത്തുമെന്നും വിമാന കമ്പിനി പറഞ്ഞു. ഇന്ന് 1,650 സര്‍വീസുകള്‍ ഇന്‍ഡിഗോ നടത്തുന്നുണ്ട്. നേരത്തെ ഈമാസം 15നകം മാത്രമെ സര്‍വീസുകള്‍ സാധാരണ നിലയിലാകുവെന്നായിരുന്നു ഇന്‍ഡിഗോ പറഞ്ഞിരുന്നത്. സര്‍വീസുകള്‍ക്ക് ഇന്നും തടസ്സം നേരിട്ടതോടെ വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ ദുരിതത്തിലായി.

യാത്രാ പ്രതിസന്ധിയിൽ ഇൻഡിഗോയ്ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഇൻഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സ് തെറിച്ചേക്കും. യാത്രാ നിരക്കിന് പരിധി നിശ്ചയിച്ചതോടെ വിമാന കമ്പിനികള്‍ ടിക്കറ്റ് നിരക്ക് കുറച്ചു. ഇന്‍ഡിഗോയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗം ചേര്‍ന്ന് ക്രൈസിസ് മാനേജ്മെന്‍റ് ഗ്രൂപ്പിന് രൂപം നല്‍കി. പാർലമെന്‍ററി സമിതി ഇൻഡിഗോ പ്രതിനിധികളെ വിളിപ്പിക്കും. JDU MP സഞ്ജയ് ഝാ അധ്യക്ഷനായ സമിതി അടിയന്തര യോഗം ചേരും.