indigo-dgca-notice

യാത്രക്കാരെ പ്രതിസന്ധിയിലാക്കിയ ഇന്‍ഡിഗോയ്ക്കെതിരെ നടപടിയ്ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). സിഇഒയ്ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണം. ഇൻഡിഗോയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് വലിയ വീഴ്ചയെന്ന് ഡിജിസിഎ കുറ്റപ്പെടുത്തി. ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ  നടപ്പിലാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഇൻഡിഗോ ഒരുക്കിയില്ല. ആസൂത്രണം, മേൽനോട്ടം, റിസോഴ്‌സ് മാനേജ്‌മെന്റ് എന്നിവയിൽ പരാജയപ്പെട്ടു. 1937 ലെ എയർക്രാഫ്റ്റ് റൂൾ വ്യവസ്ഥകൾ പാലിച്ചില്ലെന്നും പ്രതിസന്ധിക്കിടെ യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ഡിജിസിഎ വ്യക്തമാക്കി. 

ആയിരത്തില്‍ താഴെ വിമാന സര്‍വീസ് ഇന്നും മുടങ്ങുമെന്ന് മുന്‍കൂര്‍ ജാമ്യമെടുത്ത ഇന്‍ഡിഗോയില്‍ പ്രതിസന്ധി തുടരുകയാണ്. ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, അഹമ്മദാബാദ്, പൂണെ എന്നീ വിമാനത്താവളങ്ങളിലെ 900 ത്തോളം സര്‍വീസുകള്‍ ഇന്നും റദ്ദാക്കി. അതേസമയം, ഇൻഡിഗോ പ്രതിസന്ധിയോടെ ഉണ്ടായ യാത്രക്ലേശം പരിഹരിക്കാൻ നടപടികളുമായി എയർ ഇന്ത്യ ഗ്രൂപ്പ് രംഗത്തെത്തി. വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ച ടിക്കറ്റ് നിരക്കുകൾ കൃത്യമായി പാലിക്കുമെന്നും  ടിക്കറ്റ് തീയതി മാറ്റുന്നതിനും റദ്ദാക്കുന്നതിനും ഒറ്റത്തവണ ഇളവ് നൽകുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ 24 x 7 കോൺടാക്റ്റ് സെന്ററുകൾ പ്രവർത്തിക്കും. 

പ്രതിസന്ധി മുതലെടുത്ത് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്ന വിമാനക്കമ്പനികൾക്ക് കേന്ദ്രസർക്കാർ വില നിയന്ത്രണം ഏര്‍പ്പെടുത്തി. 500 കിലോമീറ്റര്‍ ദൂരപരിധിവരെ 7,500 രൂപയും 500 മുതല്‍ 1000 കിലോമീറ്റര്‍ വരെ 12,000 രൂപയും 1000 മുതല്‍ 1500 കിലോമീറ്റര്‍ വരെ 15,000 രൂപയും ആയിരത്തി അഞ്ഞൂറ് കിലോമീറ്റര്‍ ദൂരപരിധിക്ക് മുകളില്‍ 18,000 രൂപയുമാണ് ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ചത്. വിമാനം റദ്ദാക്കപ്പെട്ടവര്‍ക്ക് ടിക്കറ്റ് നിരക്ക് നാളെ വൈകിട്ട് എട്ട് മണിക്ക് മുൻപ് നൽകണമെന്ന  നിര്‍ദേശവും വ്യോമയാനമന്ത്രാലയം നല്‍കി.

ENGLISH SUMMARY:

Indigo flight cancellations have caused significant travel disruptions. DGCA has taken action against Indigo, and other airlines are providing assistance to affected passengers.