ഛത്തീസ്ഗഡിലെ ബസ്തർ ഡിവിഷനിൽ സുരക്ഷാസേനയുമായുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബീജാപ്പൂർ-ദന്തേവാഡ അതിർത്തിയിലെ വനമേഖലയിൽ നടന്ന വെടിവെപ്പിൽ ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡിലെ (ഡിആർജി) മൂന്ന് ജവാന്മാർക്ക് വീരമൃത്യു സംഭവിക്കുകയും ഒരു ജവാന് പരുക്കേൽക്കുകയും ചെയ്തു.
വെസ്റ്റ് ബസ്തർ ഡിവിഷനിലെ ബീജാപ്പൂർ-ദന്തേവാഡ അന്തർ ജില്ലാ അതിർത്തിയിലെ ഇടതൂർന്ന വനത്തിലാണ് സംഭവം. ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് (ഡിആർജി), സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്), സിആർപിഎഫ്, കോബ്ര കമാൻഡോകൾ എന്നിവരടങ്ങുന്ന സംയുക്ത സുരക്ഷാ സംഘം തിരച്ചിൽ നടത്തുന്നതിനിടെ ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു ഓപ്പറേഷൻ.
ദിവസം മുഴുവൻ നീണ്ടുനിന്ന വെടിവെപ്പിൽ സുരക്ഷാസേന ശക്തമായി തിരിച്ചടിച്ചു. കൊല്ലപ്പെട്ട 12 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് കണ്ടെടുത്തു. ഇവരുടെ തിരിച്ചറിയൽ നടപടികൾ പുരോഗമിക്കുകയാണ്. ഇതിനുപുറമെ, എസ്എൽആർ റൈഫിളുകൾ, .303 റൈഫിളുകൾ എന്നിവയുൾപ്പെടെ വൻ ആയുധശേഖരവും വെടിക്കോപ്പുകളും സുരക്ഷാസേന പിടിച്ചെടുത്തു.
ഏറ്റുമുട്ടലിൽ ഡിആർജി ബീജാപ്പൂർ യൂണിറ്റിലെ ഹെഡ് കോൺസ്റ്റബിൾ മോനു വഡാഡി, കോൺസ്റ്റബിൾമാരായ ഡുകാരു ഗോണ്ടെ, രമേശ് സോഡി എന്നിവരാണ് വീരമൃത്യു വരിച്ചത്. പരുക്കേറ്റ ഡിആർജി ജവാൻ സോംദേവ് യാദവിനെ പ്രഥമശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റി. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
ഓപ്പറേഷൻ നിർണായക ഘട്ടത്തിലാണെന്നും മാവോയിസ്റ്റുകൾക്കെതിരെ ശക്തമായ ആക്രമണം തുടരുകയാണെന്നും ബീജാപ്പൂർ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര യാദവ് പറഞ്ഞു. കൂടുതൽ സൈനികരെ സംഭവസ്ഥലത്തേക്ക് വിന്യസിച്ചിട്ടുണ്ടെന്നും പ്രദേശം പൂർണമായി വളഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുന്ന മാവോയിസ്റ്റുകളുടെ എണ്ണം ഇതോടെ 270 ആയി ഉയർന്നു. ഇതിൽ 241 പേരും ബസ്തർ ഡിവിഷനിലാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് സുരക്ഷാസേനയുടെ ഓപ്പറേഷൻ തുടരുകയാണ്.