നന്ദിനി നെയ്യെന്ന പേരില്‍ 8136 ലീറ്റര്‍ വ്യാജ നെയ്യ് വിറ്റഴിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ ദമ്പതിമാര്‍ പിടിയില്‍. കര്‍ണാടക ക്രൈംബ്രാഞ്ചാണ് ദമ്പതിമാരെ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലാണ് സംഭവം. തമിഴ്നാട്ടില്‍ ഉല്പാദിപ്പിച്ച വ്യാജ നെയ്യാണ് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ 'നന്ദിനി' നെയ്യ് എന്നപേരില്‍ ബെംഗളൂരുവില്‍ വില്‍പ്പന നടത്തിയിരുന്നത്.  

ദമ്പതിമാരായ ശിവകുമാര്‍, രമ്യ എന്നിവരെയാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ബുധനാഴ്ച അറസ്റ്റ്‌ചെയ്തത്. വില്‍പ്പനസംഘത്തിന്റെ മുഖ്യസൂത്രധാരന്മാര്‍ ഇവരാണെന്ന് പൊലീസ് പറഞ്ഞു. നന്ദിനി നെയ്യ് വരുന്ന ബോട്ടിലിന് സമാനമായ പാക്കറ്റുകളിലും കുപ്പികളിലുമായിരുന്നു വ്യാജന്‍റെയും വില്‍പ്പന. വ്യാജ നെയ്യ് സൂക്ഷിച്ചിരുന്ന സ്ഥലത്ത് നവംബര്‍ 16ന് പൊലീസ് റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് ലിറ്റര്‍ കണക്കിന് നെയ്യ് കണ്ടുപിടിക്കുകയും നാലുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

കെഎംഎഫ് വിതരണക്കാരന്‍ മഹേന്ദ്ര, മക്കളായ ദീപക്, മുനിരാജു, ഡ്രൈവറായ അഭി അരശ് എന്നിവരാണ് നേരത്തേ കേസില്‍ അറസ്റ്റിലായവര്‍. അഞ്ച് മൊബൈല്‍ഫോണുകൾ, നാല് ചരക്കുവാഹനങ്ങള്‍, 1.19 ലക്ഷം രൂപ, ചെറിയപാക്കറ്റുകളിലും കുപ്പികളിലുമാക്കിയ 8136 ലിറ്റര്‍ നെയ്യ് എന്നിവയും പ്രതികളില്‍നിന്ന് പിടിച്ചെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. 

ENGLISH SUMMARY:

A couple, identified as the masterminds behind a massive counterfeit ghee operation, have been arrested in Bengaluru. Shivakumar and Ramya were apprehended by the Central Crime Branch on Wednesday for selling fake ghee, produced in Tamil Nadu, under the brand name of 'Nandini Ghee' (Karnataka Milk Federation - KMF).