ഹരിയാനയില്‍ പരിശീലനത്തിനിടെ ബാസ്കറ്റ്ബോൾ പോള്‍ നെഞ്ചിൽ വീണ് ദേശീയ ബാസ്കറ്റ്ബോൾ താരം മരിച്ചു. 16 വയസുകാരനായ ഹാര്‍ദിക് രതി ആണ് മരിച്ചത്. റോത്തക്കിലെ ലഖാൻ മജ്രയിലെ കോർട്ടിൽ ഇന്നലെ പരിശീലനം നടത്തുന്നതിനിടെയാണ് അപകടം. സുഹൃത്തുക്കൾ സഹായിക്കാൻ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സിസി‍‍ടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ഹാർദിക് കോർട്ടിൽ ഒറ്റയ്ക്ക് പരിശീലനം നടത്തുന്നത് കാണാം. മധ്യത്തിൽ പോൾ ഉള്ള സെമി സർക്കിളായ ത്രീ-പോയിന്റ് ലൈനിൽ നിന്ന് ചാടി ഹാര്‍ദിക് ബാസ്കറ്റിൽ തൊടാന്‍ ശ്രമിക്കുന്നു. ആദ്യത്തെ പ്രാവശ്യം കൃത്യമായി തൊടുകയും രണ്ടാമത്തെ പ്രാവശ്യം വീണ്ടും ചാടി ബാസ്ക്ക്റ്റിന്‍റെ റിമ്മില്‍ മുറുകെ പിടിക്കുകയുമായിരുന്നു. പിന്നാലെ പോള്‍ ഒന്നാകെ ഹാര്‍ദികിന് മുകളിലേക്ക് മറിഞ്ഞു. നിലത്തുവീണ ഹാര്‍ദികിന്‍റെ നെഞ്ചിലായിരുന്നു പോളിന്‍റെ ഭാരം മുഴുവനും. പിന്നാലെ സുഹൃത്തുക്കള്‍ ഓടിയെത്തുന്നതും വിഡിയോയില്‍ കാണാം. അവർ പോള്‍ ഉയര്‍ത്തിമാറ്റിയെങ്കിലും ഹാര്‍ദിക് മരിച്ചിരുന്നു.

സംഭവത്തില്‍ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹാര്‍ദികിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറിയതായി പൊലീസ് പറഞ്ഞു. ദേശീയ ടീമില്‍ കളിച്ചുകൊണ്ടിരുന്ന ഹാര്‍ദിക് അടുത്തിടെയാണ് വീടിനടുത്തുള്ള പരിശീലന ക്യാമ്പിൽ തിരിച്ചെത്തിയത്. ഹാർദിക്കും ഇളയ സഹോദരനെയും സ്ഥിരമായി ഇവിടെ പരിശീലനം നടത്താറുണ്ടായിരുന്നു.

അതേസമയം, ഹരിയാനയിലെ ബഹാദൂർഗഡ് ജില്ലയിലും സമാന അപകടം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. പതിനഞ്ചു വയസ്സുകാരനായ അമൻ ആണ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്നതിനിടെ ബാസ്കറ്റ്ബോൾ പോളില്‍ ഇടിച്ച് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ആന്തരിക പരിക്കുകളാണ് മരണകാരണം. ഇരുസംഭവങ്ങളും ഹരിയാനയിലെ കായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചും അവയുടെ പരിപാലനത്തെയും കുറിച്ചും  ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

ENGLISH SUMMARY:

A 16-year-old national basketball player, Hardik Rathi, died after a basketball pole collapsed on his chest while he was practicing at a court in Lakhan Majra, Rohtak, Haryana. Chilling CCTV footage shows Hardik hanging onto the rim after a jump when the entire pole structure toppled over him. Although friends rushed to help, he was pronounced dead. The incident, and a similar recent death of a 15-year-old in Bahadurgarh due to a pole accident, has raised serious concerns regarding the safety and maintenance of sports infrastructure in Haryana. Police have started an investigation and handed over the body to the family after post-mortem.