ഡൽഹി സ്ഫോടനക്കേസിലെ ഭീകരർക്ക് കേന്ദ്രമായി പ്രവർത്തിച്ചെന്ന് സംശയിക്കുന്ന ഹരിയാനയിലെ അൽ ഫലാഹ് സർവകലാശാലയുടെ സാമ്പത്തിക സ്രോതസ്സുകൾ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷിക്കുന്നു. ഇതിനിടെ, സർവകലാശാലയുടെ വെബ്സൈറ്റ് അപ്രത്യക്ഷമായി. വെബ്സൈറ്റിൽ വ്യാജമായി NAAC അംഗീകാരം പ്രദർശിപ്പിച്ചതിന് നാഷണൽ അസസ്‌മെൻ്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (NAAC) കാരണം കാണിക്കൽ നോട്ടീസ് നൽകി.

വൈറ്റ് കോളർ ഭീകരസംഘത്തിലെ പ്രധാനികൾക്ക് സർവകലാശാലയുമായി ബന്ധമുണ്ടായിരുന്നു എന്ന് കണ്ടെത്തിയതോടെയാണ് ഇ.ഡി. നടപടികൾ ആരംഭിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (PMLA) സർവകലാശാലയുടെ ധനകാര്യ ഇടപാടുകൾ, വിദേശ ഫണ്ടുകൾ, മറ്റ് സാമ്പത്തിക സ്രോതസ്സുകൾ എന്നിവയെക്കുറിച്ച് ഇ.ഡി. അന്വേഷണം നടത്തും.

NAAC അംഗീകാരം ലഭിക്കുകയോ അതിനായി അപേക്ഷിക്കുകയോ ചെയ്യാത്ത സ്ഥാപനമായിട്ടും, തങ്ങളുടെ ചില കോളേജുകൾക്ക് NAAC അംഗീകാരമുണ്ടെന്ന് സർവകലാശാല വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയതിനാണ് NAAC കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. "സർവകലാശാലയ്ക്ക് NAAC അംഗീകാരം ലഭിക്കുകയോ അപേക്ഷിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ, അൽ ഫലാഹ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി (NAAC 'A' ഗ്രേഡ്), അൽ ഫലാഹ് സ്കൂൾ ഓഫ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് (NAAC 'A' ഗ്രേഡ്) എന്നിവയ്ക്ക് അംഗീകാരമുണ്ടെന്ന് വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരുന്നു. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്," എന്ന് NAAC നോട്ടീസിൽ വ്യക്തമാക്കി.

ഈ രണ്ട് കോളേജുകളുടെയും അംഗീകാരം യഥാക്രമം 2018-ലും 2016-ലും കാലഹരണപ്പെട്ടതാണെന്നും, പുതിയ വിലയിരുത്തലിനായി കോളേജുകൾ മുന്നോട്ട് വന്നിട്ടില്ലെന്നും NAAC അറിയിച്ചു. വ്യാജ അംഗീകാരം അവകാശപ്പെടുന്ന ഭാഗങ്ങൾ വെബ്സൈറ്റിൽ നിന്നും മറ്റ്  രേഖകളിൽ നിന്നും നീക്കം ചെയ്യാൻ NAAC സർവകലാശാലയ്ക്ക് നിർദ്ദേശം നൽകി. അതേസമയം, തീവ്രവാദ ബന്ധം, വ്യാജ അംഗീകാരം തുടങ്ങിയ വിഷയങ്ങൾ ഉയർന്നുവന്നതിന് പിന്നാലെ അൽ ഫലാഹ് സർവകലാശാലയുടെ വെബ്സൈറ്റ് അപ്രത്യക്ഷമായി.

1997-ൽ ഒരു എഞ്ചിനീയറിംഗ് കോളേജായി ആരംഭിച്ച്, 2014-ൽ ഹരിയാന സര്‍ക്കാരിന്റെ കീഴിൽ സർവകലാശാല പദവി നേടിയ സ്ഥാപനമാണിത്. മികച്ച ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമായി സ്വയം അവതരിപ്പിച്ച ഈ സർവകലാശാലയുമായി ബന്ധമുള്ള മൂന്ന് ഡോക്ടർമാർ ഉൾപ്പെടെ എട്ട് പേരാണ് ഡൽഹി സ്ഫോടനക്കേസിൽ അറസ്റ്റിലായത്. ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച "വൈറ്റ് കോളർ ഭീകര മൊഡ്യൂൾ" ഈ സർവകലാശാലയെ ഒരു കേന്ദ്രമായി ഉപയോഗിച്ചിരുന്നതായാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്.

ENGLISH SUMMARY:

Al Falah University is under investigation for alleged terror links following the Delhi blast case. The Enforcement Directorate (ED) is probing the university's financial sources, and the NAAC issued a notice for falsely claiming accreditation.