സോറന്‍ മംദാനിക്കെതിരായ പരാമര്‍ശത്തില്‍ ബിജെപി എംഎല്‍എ അമിത് സതത്തിനെ പരിഹസിച്ച് ശിവസേന ഉദ്ധവ് വിഭാഗം. ഒരു ഖാനെ തങ്ങള്‍ ഒരിക്കലും മേയറവാന്‍ അനുവദിക്കില്ലെന്നും ഇത് വോട്ട് ജിഹാദാണെന്നുമാണ് മുംബൈ ബിജെപി അധ്യക്ഷനും അന്ധേരി വെസ്റ്റ് എംഎല്‍എയുമായ അമിത് സതം പറഞ്ഞത്.
പരാമര്‍ശത്തിന് പിന്നാലെ അമിത് സതത്തിന്‍റെ മാനസിക നില പരിശോധിക്കണമെന്നാണ് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ആനന്ദ് ദുബെ പറഞ്ഞത്. 'അമിത് സതത്തിന്‍റെ മാനസിക നില വഷളായിരിക്കുകയാണ്. പ്രസിഡന്റായ ദിവസം മുതൽ തന്നെ താന്‍ നീക്കപ്പെടാൻ പോകുകയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. അതുകൊണ്ടാണ് അദ്ദേഹം മുംബൈ മേയറെക്കുറിച്ച് വിചിത്രമായ പ്രസ്താവനകൾ നടത്തുന്നത്.
ബിജെപിയുടെ വര്‍ഗീയ നിലപാടുകളെ വിമര്‍ശിച്ചെങ്കിലും മുംബൈയില്‍ മറാത്തി ഹിന്ദു മാത്രമേ മേയറാവൂ എന്നും ദുബെ പറഞ്ഞു. 'മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ കാവി പതാക പാറുമെന്ന് ഉറപ്പിച്ചു പറയുന്നു. മറാത്തി ഹിന്ദു ഇവിടെ മേയറാവും,' ദുബെ കൂട്ടിച്ചേര്‍ത്തു.
വോട്ട് ജിഹാദ് ആരോപണം ഉന്നയിച്ച അമിത് സതം രാഷ്ട്രീയ അധികാരം നിലനിര്‍ത്താനായി ചിലര്‍ പ്രീണനത്തിന്റെ പാത സ്വീകരിക്കുകയാണെന്നും പറഞ്ഞിരുന്നു. മുന്‍പ് സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഇത്തരം ശക്തികളില്‍ നിന്ന് മുംബൈയെ സംരക്ഷിക്കേണ്ടത് അത്യവശ്യമാണ്. മതസൗഹാര്‍ദത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ദേശവിരുദ്ധ നിലപാട് സ്വീകരിച്ച് സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഞങ്ങള്‍ അവരെ എതിര്‍ക്കും,' അമിത് സതം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.