ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം സിഎംഎസ്–03യുടെ വിക്ഷേപണം ഇന്ന്. വൈകിട്ട് 5.26ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം. ഇസ്രോയുടെ കഴിഞ്ഞ രണ്ട് ഉപഗ്രഹ വിക്ഷേപണങ്ങളും പരാജയമായതിനാല്‍ ഇന്നത്തെ വിക്ഷേപണം വളരെ നിര്‍ണായകമാണ്.
സി.എം.എസ് 03 അഥവാ ജിസാറ്റ് -7 ആര്‍. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ മൂന്നിനെ ലക്ഷ്യസ്ഥാനത്തെത്തിച്ച എല്‍.വി.എം -03 റോക്കറ്റിലാണ് സി.എം.എസിനെയും വിക്ഷേപിക്കുക. ഇന്ത്യന്‍ മണ്ണില്‍ നിന്ന് ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കുന്ന ഏറ്റവും ഭാരംകൂടിയ വാര്‍ത്തവിനിമയ ഉപഗ്രഹമാണ് സിഎംഎസ് 03. 4,400 കിലോ ഗ്രാം ഭാരമാണ് ഉപഗ്രഹത്തിനുള്ളത്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സമുദ്രമേഖലയിലെ വാര്‍ത്തവിനിമയ ബന്ധം ശക്തിപ്പെടുത്തുകയാണ് സിഎംഎസ് 03 യുടെ പ്രധാനലക്ഷ്യം. അതുകൊണ്ടുതന്നെ നാവികസേനയ്ക്ക് ഉപഗ്രഹം കൂടുതല്‍ മുതല്‍ക്കൂട്ടാകും. ഒപ്പം ആശയവിനിമയം കൂടുതല്‍ സുഗമമാകുന്നതോടെ കര–നാവിക–വ്യോമസേനകള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ എളുപ്പമാകും.
ഇതിലൂടെ പ്രതിരോധ മേഖലയിലെ ആശയവിനിമയത്തിനായി വിദേശ ഉപഗ്രഹങ്ങളെ ആശ്രയിക്കണ്ട. ഇത് ദേശീയ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇന്നത്തെ വിക്ഷേപണം ഇസ്രോയ്ക്ക് വളരെ നിര്‍ണായകമാണ്. എന്‍വിഎസ് 02 ഉപഗ്രഹത്തിന്റെയും റിസാറ്റ് ഉപഗ്രഹത്തിന്റെയും വിക്ഷേപണം പരാജയമായിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന വിക്ഷേപണങ്ങള്‍ പരാജയമായതിനാല്‍ ഇന്നത്തെ വിക്ഷേപണം വിജയമാക്കേണ്ട ഉത്തരവാദിത്തതിന്റെ സമ്മര്‍ദം ഇസ്രോയ്ക്കും ചെയര്‍മാനുമുണ്ട്. എന്തായാലും വൈകിട്ട് 5.26ന് ശുഭവാര്‍ത്തയ്ക്കായി കാത്തിരിക്കാം