reel

അബദ്ധത്തില്‍ കുളിമുറിയില്‍ കുടുങ്ങിയ മകനെ രക്ഷിക്കുന്നത് റീല്‍ ചിത്രീകരിച്ച അമ്മയ്ക്കെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം. അബദ്ധത്തില്‍ വാഷ്റൂമിന്‍റെ കതക് അകത്ത് നിന്നും ലോക്ക് ചെയ്ത കുട്ടിയോട് ആവര്‍ത്തിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും കതക് തുറക്കാന്‍ സാധിക്കാത്തതും രക്ഷാപ്രവര്‍ത്തനവുമാണ് വിഡിയോയുടെ കണ്ടന്‍റ്.

മംമ്ത ബിഷ്ട എന്ന ഇന്‍സ്റ്റഗ്രാം യൂസര്‍ പങ്കുവച്ച വിഡിയോയ്ക്ക് നേരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. കുട്ടിയുടെ ദുരിതത്തില്‍ ആശങ്കയ്ക്ക് പകരം കണ്ടന്‍റിന് മുന്‍ഗണന നല്‍കുന്നു എന്നാണ് പ്രധാന ആക്ഷേപം. മകൻ അബദ്ധവശാൽ ബാത്ത്റൂമിനുള്ളിൽ കുടുങ്ങിപോയി. അവൻ തുടർച്ചയായി കരയുകയായിരുന്നു. അവൻ വല്ലാതെ പേടിച്ചുപോയിരുന്നു, ഞാനും. എന്തുചെയ്യണമെന്ന് എനിക്ക് മനസ്സിലായില്ല. അപ്പോൾ ഞാൻ അയൽക്കാരെ വിളിച്ചു എന്നാണ് യുവതി വിഡിയോയില്‍ പറയുന്നത്.

ബാത്ത്റൂമിനുള്ളിൽ മകൻ കരയുമ്പോൾ വിഷമത്തിലായി നിൽക്കുന്ന യുവതി വാതില്‍ തള്ളുന്നതും മതിലിന് മുകളിലൂടെ കുട്ടിയെ രക്ഷിക്കാന്‍ നോക്കുന്നതും വിഡിയോയിലുണ്ട്. കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാരാണ് കുട്ടിയെ രക്ഷിച്ചത്. ഏണിയും കമ്പുമായെത്തിയ അയല്‍ക്കാര്‍ വാഷ്റൂമിലേക്ക് ജനലിലൂടെ കമ്പ് ഇറക്കി വാതില്‍ തുറന്നാണ് കുട്ടിയെ രക്ഷിച്ചത്. അമ്മമാര്‍ ഇത്തരം സന്ദര്‍ഭത്തില്‍ സൂക്ഷിക്കണം എന്നു പറഞ്ഞാണ് മംമ്ത വിഡിയോ പോസ്റ്റ് ചെയ്തത്.

മകന്‍ ബാത്ത്റൂമില്‍ ലോക്കായിരിക്കുമ്പോള്‍ എങ്ങനെയാണ് വിഡിയോ ചെയ്യാന്‍ സമയം എന്നാണ് വിമര്‍ശനം. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കാതെ റീലുണ്ടാക്കുന്നത് കഷ്ടമാണെന്നാണ് മറ്റൊരു അഭിപ്രായം.

ENGLISH SUMMARY:

Insta user Mamta Bisht draws fire for prioritizing 'content' over child safety after filming her crying son locked inside a washroom. Read the full viral story here.