സിക്ക് ലീവ് കിട്ടാന്‍ ചുമയൊക്കെ ഉണ്ടാക്കി അഭിനയിക്കുന്ന ഇക്കാലത്ത്, ഗുരുഗ്രാമിലെ ഒരു യുവ ജീവനക്കാരൻ കടുത്ത സത്യസന്ധത കാണിക്കാൻ തീരുമാനിച്ചു. അത് ഫലിക്കുകയും ചെയ്തു. പ്രണയബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് മാനസികമായി തളര്‍ന്നെന്നും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്നും ജോലിയില്‍നിന്ന് കുറച്ച് ദിവസം മാറിനില്‍ക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് ഒരു ജീവനക്കാരന്‍ തന്‍റെ മേലധികാരിക്ക് മെയില്‍ അയച്ചത്.
നോട്ട് ഡേറ്റിംഗിന്‍റെ (Knot Dating) സഹസ്ഥാപകനും സിഇഒയുമായ ജസ്‌വീര്‍ സിംഗാണ് തനിക്ക് ലഭിച്ച "ഏറ്റവും സത്യസന്ധമായ അവധിയപേക്ഷ" എക്സിൽ പങ്കുവെച്ചത്. ജീവനക്കാരിലൊരാൾ അദ്ദേഹത്തിന് എഴുതിയ അവധിയപേക്ഷ ഇങ്ങനെയായിരുന്നു:
''എന്റെ പ്രണയബന്ധം തകര്‍ന്നിരിക്കുകയാണ്. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ല. എനിക്കൊരു ചെറിയ ഇടവേള ആവശ്യമാണ്. ഞാന്‍ ഇന്ന് വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്, അതിനാല്‍ 28-ാം തീയതി മുതല്‍ 8-ാം തീയതി വരെ എനിക്ക് അവധി വേണം', യുവാവ് മെയിലില്‍ കുറിച്ചു.
മെയിലിന്‍റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് ജസ്‌വീര്‍ സിങ് പോസ്റ്റ് ഷെയര്‍ ചെയ്തത്. 'ജെന്‍സി ഫില്‍ട്ടറുകള്‍ ഉപയോഗിക്കുന്നില്ല' എന്ന് പോസ്റ്റിന് ക്യാപ്ഷനായി കുറിച്ചു.സിംഗ് ഈ അപേക്ഷയ്ക്ക് അനുമതി നൽകുക മാത്രമല്ല, യുവ ജീവനക്കാര്‍ അവരുടെ വികാരങ്ങളെയും മാനസികാരോഗ്യത്തെയും കുറിച്ച് കൂടുതല്‍ തുറന്നുപറയുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും വ്യക്തമാക്കി. അദ്ദേഹത്തിന്‍റെ പോസ്റ്റ് വലിയ ശ്രദ്ധ നേടുകയും ചെയ്തു.