തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ജോലിക്ക് കോഴയെന്ന് ഇഡി കണ്ടെത്തല്‍. മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് വാട്ടര്‍ സപ്ലൈ വകുപ്പിലെ 2,538 തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ടാണ് അഴിമതി നടന്നുവെന്ന ഇഡി കണ്ടെത്തല്‍. ശക്തരായ രാഷ്ട്രീയക്കാരും അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും ഓരോ പോസ്റ്റിനും 25 ലക്ഷം രൂപ മുതല്‍ 35 ലക്ഷം രൂപ വരെ കോഴ വാങ്ങി.
2024 പകുതിയോടെ നടന്ന പ്രവേശന പരീക്ഷയില്‍ വന്‍ ക്രമക്കേട് നടന്നുവെന്നും ഇഡി വ്യക്തമാക്കുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ 150 പേര്‍ക്ക് നിയമന ഉത്തരവുകള്‍ കൈമാറുകയും ചെയ്തിട്ടുണ്ട്. കേസെടുക്കാന്‍ ആവശ്യപ്പെട്ട് ഇഡി ഡിജിപിക്ക് കത്ത് നല്‍കി. ഇടപാടുകാരെന്ന് സംശയിക്കുന്ന 232 പേരുടെ വിവരങ്ങളും കത്തിനൊപ്പം നല്‍കിയിട്ടുണ്ട്.
മന്ത്രി കെ.എന്‍.നെഹ്‌റുവിന്‍റെ സഹോദരന്‍ രവിചന്ദ്രനുമായി ബന്ധപ്പെട്ട ട്രൂവാല്യു ഹോംസ് ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിക്കുമ്പോഴാണ് കോഴയുടെ വിശദാംശങ്ങള്‍ ഇഡിക്ക് ലഭിച്ചത്.