വനിതാ ലോകകപ്പ് ക്രിക്കറ്റിനായി ഇന്ത്യയിലെത്തിയ ഓസീസ് വനിതാ താരങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമം. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വച്ചാണ് രണ്ട് വനിതാ താരങ്ങള്‍ക്ക് നേരെ അതിക്രമം ഉണ്ടായത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഖജ്​രാന റോഡിലെ ഹോട്ടലില്‍ നിന്നിറങ്ങി സമീപത്തെ കഫെയിലേക്ക് നടന്നു പോകവേയാണ് ബൈക്കിലെത്തിയ പ്രദേശവാസിയായ അഖീല്‍ ഖാന്‍ താരങ്ങളെ പിന്തുടരുകയും ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുകയും ചെയ്തത്. ശാരീരിക അതിക്രമത്തിന് പിന്നാലെ അഖീല്‍ സ്ഥലംവിടുകയും ചെയ്തു. 

ഉടനടി സുരക്ഷാ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട താരങ്ങള്‍ വിവരം പൊലീസില്‍ അറിയിച്ചു. താരങ്ങളില്‍ നിന്ന് മൊഴിയെടുത്ത പൊലീസ് അതിവേഗത്തില്‍ അക്രമിക്കായി തിരച്ചിലും നടത്തി. ബൈക്ക് നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അഖീലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

താരങ്ങള്‍ക്ക് നേരിട്ട ദുരനുഭവത്തിന് പിന്നാലെ ഐസിസി–ബിസിസിഐ ഉന്നതര്‍ വിവരം തേടി. താരങ്ങള്‍ താമസിക്കുന്ന ഹോട്ടലിനും സുരക്ഷ ശക്തമാക്കി. വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരെയാ മല്‍സരത്തിന് ശേഷം ടീം ഗുവാഹട്ടിയിലേക്കോ മുംബൈയിലേക്കോ തിരിക്കും.

ENGLISH SUMMARY:

Women's Cricket World Cup harassment incident reported in India. Australian women cricketers faced sexual harassment in Indore, leading to the arrest of the perpetrator and increased security measures.