സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി വിദേശവനിതയുടെ ഗംഗാസ്നാനം. ഋഷികേശിലെ ലക്ഷ്മൺ ജൂലയ്ക്ക് സമീപം ഗംഗാ നദിയിൽ വിദേശ വിനോദസഞ്ചാരി ബിക്കിനി ധരിച്ച് മുങ്ങിക്കുളിച്ചതാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്. യുവതിയുടെ സ്നാനത്തിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബിക്കിനിയും കഴുത്തിൽ പൂമാലയും ധരിച്ചാണ് യുവതി നദിയിലിറങ്ങിയത്. കൈകൾ കൂപ്പി പ്രാർഥിച്ച ശേഷം മാല നദിയിലേക്ക് എറിഞ്ഞിട്ടാണ് അവര്‍ മുങ്ങി നിവര്‍ന്നത്.
വിഡിയോ പുറത്തുവന്നതോടെ ഒരു വിഭാഗം കടുത്ത വിമര്‍ശനവുമായി എത്തി. ഇത്തരം പെരുമാറ്റം ഇന്ത്യൻ പാരമ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും കമന്‍റുകള്‍ വന്നു. ഗംഗ മാതാവ് ഒരു പുണ്യനദിയാണ്. കടൽത്തീരമോ നീന്തൽക്കുളമോ അല്ല. ബിക്കിനി ധരിക്കാതെ മാന്യമായ വസ്ത്രം ധരിക്കുക, ബഹുമാനം കാണിക്കുക എന്നിങ്ങനെ പോകുന്ന കമന്‍റുകള്‍.
അതേസമയം യുവതിയെ പിന്തുണച്ചും ചിലര്‍ രംഗത്തെത്തി. ഇതുപോലുള്ള നിസ്സാര വിഷയങ്ങളിൽ സദാചാര പോലീസിങ് നടത്തരുതെന്നും നീന്താനോ നദിയിൽ കുളിക്കാനോ അനുയോജ്യമായ വസ്ത്രമാണ് അവര്‍ ധരിച്ചിരിക്കുന്നതെന്നും ഒരാള്‍ കുറിച്ചു. ആളുകള്‍ നഗ്നരായി കുളിക്കുന്ന സ്ഥലമാണ് ഇന്ത്യ എന്ന് മറക്കരുത് എന്നാണ് മറ്റൊരാള്‍ കുറിച്ചത്.