meerat-vechicle

TOPICS COVERED

മായാപുരിയിലെ നിയമവിരുദ്ധമായ എഞ്ചിന്‍മാറ്റലിലും കൃത്രിമങ്ങളിലും ഒതുങ്ങുന്നില്ല വിപണിയിലെ തട്ടിപ്പുകള്‍.  സൈന്യത്തിന്‍റെ പഴയ വാഹനങ്ങള്‍ വാങ്ങിയാല്‍ ഫിറ്റ്നസ് പരിശോധനയില്ലാതെ 15 വര്‍ഷം ഉപയോഗിക്കാം എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഡീലര്‍മാര്‍ വില്‍പന നടത്തുന്നത്.  രേഖകളിലെ തിരിമറികളും വ്യാപകമാണ്. 

ഉപയോഗിച്ച കാറുകളും മറ്റു വാഹനങ്ങളും വില്‍ക്കുന്ന നിരവധി ഡീലര്‍മാരുണ്ട് ഉത്തര്‍പ്രപദേശിലെ മീററ്റില്‍. സൈന്യം ഉപയോഗിച്ച വാഹനങ്ങള്‍ ലേലത്തിനെടുത്തു വില്‍ക്കുമ്പോള്‍ കൃത്രിമത്തിന് സാധ്യത കൂടുതലാണെന്നറി‍ഞ്ഞിരുന്നു.   അന്വേഷിക്കാന്‍ ഒരു ജിപ്സി ഡീലറുടെയടുത്തുതന്നെയെത്തി. മലയാളികളാണെന്നറിഞ്ഞപ്പോള്‍ പരിചയ ഭാവം.  കേരളത്തിലേക്ക് താന്‍ ഒട്ടേറെ ജിപ്സികള്‍ വിറ്റിട്ടുണ്ടെന്ന്. 

നാലര ലക്ഷം രൂപയാണ് ജിപ്തിസുടെ വില. ഈ വര്‍ഷം റജിസ്റ്റര്‍ ചെയ്ത വാഹനമാണ് വാങ്ങിയാല്‍ അഞ്ചുവര്‍ഷം കൂടുമ്പോഴുള്ള ഫിറ്റ്നസ് പരിശോധന നടത്താതെ 15 വര്‍ഷം ഉപയോഗിക്കാമെന്ന് വാഗ്ദാനം.  റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്‍റെ ഫോട്ടോയും കാണിച്ചു. റജിസ്ട്രര്‍ ചെയ്തത് 2025 സെപ്റ്റംബര്‍ 19ന്, 2040 സെപ്റ്റംബര്‍ 18 വരെ റജിസ്ട്രേഷന്‍ കാലാവധി. 

വാഹനം നിര്‍മിച്ചത് 2013 മെയ് മാസത്തിലാണ് ആര്‍.സിയിലുണ്ട്.  പക്ഷേ റജിസ്ട്രര്‍ ചെയ്ത വര്‍ഷം കാണിച്ച്  ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാം.  സൈന്യത്തിന്‍റെ ഉടമസ്ഥതയിലിരിക്കെ വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്‍റെ റജിസ്ട്രേഷന്‍ ആവശ്യമില്ല. ഡീലര്‍മാര്‍ വാങ്ങി ആദ്യമായി റജിസ്റ്റര്‍ ചെയ്യുമ്പോള്‍ പുതിയ വാഹനത്തിനെന്ന പോലെ 15 വര്‍ഷം കാലാവധി കാണിക്കും.  ഇതാണ് തട്ടിപ്പിന് വഴിയൊരുക്കുന്നത്. ജിപ്സിയും മറ്റ് സൈനിക വാഹനങ്ങളും തേടിയെത്തുന്ന വാഹന പ്രേമികള്‍ ശ്രദ്ധിക്കുക.  രേഖകളില്‍ കാണുന്നതെല്ലാം  കണ്ണടച്ച് വിശ്വസിക്കേണ്ട.  ഫിറ്റ്നസ് പരിശോധനയില്ലാതെ പഴയവാഹനങ്ങള്‍ നിരത്തിലോടുന്നതും ആശങ്കയാണ്. 

ENGLISH SUMMARY:

Vehicle fraud is rampant in the used car market, especially with ex-military vehicles. Dealers mislead customers about fitness test exemptions and manipulate registration documents, necessitating vigilance from buyers