TOPICS COVERED

  • ഓര്‍ക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല.

രാജ്യത്തെ മിടുക്കരായ വിദ്യാര്‍ഥികളുടെ സ്വപ്നമാണ് ഐഐടി പഠനം. എന്നാല്‍ എത്ര സമര്‍ഥര്‍ക്കും സമ്മര്‍ദം നല്‍കുന്നയിടമായി മാറുകയാണോ ഐഐടികള്‍? ബോംബെ ഐഐടിയിൽ പഠനസമ്മർദ്ദം മൂലം കഴിഞ്ഞ 10 വർഷത്തിനിടയിൽ ക്യാമ്പസിനുള്ളിൽ ആത്മഹത്യ ചെയ്തത് ഏഴ് വിദ്യാർഥികളാണ്. ജാതിയധിക്ഷേപവും മറ്റ് വിവേചനങ്ങളും കുട്ടികളെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. മനോരമ ന്യൂസിന് ലഭിച്ച വിവരാവകാശ രേഖ പറയുന്ന കണക്കുകള്‍ ആശങ്കപ്പെടുത്തുന്നവയാണ്.

മികവിന്‍റെ മറുവാക്കായ രാജ്യത്തെ പ്രീമിയർ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ബോംബെ ഐഐടിയിലെ ആത്മഹത്യകളുടെ കണക്കുകളാണ് മനോരമ ന്യൂസ് പുറത്തു കൊണ്ടുവരുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ മാത്രം പഠനഭാരം മൂലം ഏഴ് വിദ്യാർഥികളാണ് കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവിതം അവസാനിപ്പിച്ചത്. ഓഗസ്റ്റ് അഞ്ചാം തീയതിയാണ് ഡൽഹി സ്വദേശിയായ നാലാം വർഷ മെറ്റാ സയൻസ് വിദ്യാർത്ഥി രോഹിത് സിൻഹ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുന്നത്. കാരണം അജ്ഞാതം. അന്വേഷണം എങ്ങുമെത്തിയില്ല. 2023 ല്‍ ജീവനൊടുക്കിയ അഹമ്മദാബാദ് സ്വദേശി ദർശൻ സോളങ്കിയുടെ ആത്മഹത്യയുടെ കാരണം ജാതി വിവേചനമാണെന്നാണ് കുടുംബം പറയുന്നത്. 12 അംഗ സമിതി അന്വേഷിച്ചിട്ടും ആത്മഹത്യകാരണം കണ്ടെത്തിയില്ല. ജാതി വിവേചനം അല്ലെന്ന ഒറ്റവരിയിൽ അന്വേഷണം അവസാനിപ്പിച്ചു.

സമ്മർദ്ദം മൂലം 970 പിഎച്ച്ഡി വിദ്യാർത്ഥികളാണ് 15 വർഷത്തിനുള്ളിൽ ഗവേഷണം പാതിവഴിയിൽ ഉപേക്ഷിച്ചത്. എംടെക് പ്രവേശനത്തിന് ദേശീയതലത്തിൽ ഉന്നത റാങ്ക് നേടിയ 1250 വിദ്യാർഥികളും പഠനം ഉപേക്ഷിച്ചു. 108 എംഎസ്‌സി വിദ്യാർഥികള്‍ ഉൾപ്പെടെ 2483 പേരാണ് ഐഐടി സ്വപ്നങ്ങൾ പാതിവഴിയിൽ അവസാനിപ്പിച്ചത്. ആത്മഹത്യകള്‍ തടയാനുള്ള സുപ്രീം കോടതി നിര്‍ദ്ദേശത്തിനും ഐഐടി അധികൃതര്‍ നല്‍കുന്നത് പുല്ലുവിലയാണ്.

ENGLISH SUMMARY:

IIT suicides are a growing concern, as highlighted by Malayala Manorama's investigation into IIT Bombay. The report reveals a troubling number of student suicides and dropouts, indicating significant stress and potential discrimination within the prestigious institution.