വീടിന്‍റെ ബാല്‍ക്കണിയില്‍ പച്ചമാംസം ഉണക്കാനിട്ട അയല്‍വാസിയെ കുറിച്ചുള്ള യുവാവിന്‍റെ പോസ്റ്റ് വൈറല്‍. പച്ചമാംസം ഉണക്കാൻ തൂക്കിയിടുന്നതും തുടർന്നുണ്ടാകുന്ന ദുർഗന്ധത്തെയും മറ്റ് ബുദ്ധിമുട്ടുകളെയും കുറിച്ച് റെഡ്ഡിറ്റിലാണ് പരാതി ഉയർന്നത്. കുറിപ്പിനൊപ്പം പച്ചമാംസം ഉണക്കാനിട്ടിരിക്കുന്നതിന്‍റെ ചിത്രവും യുവാവ് പങ്കുവച്ചിട്ടുണ്ട്.
യുവാവ് കുറിപ്പില്‍ പറയുന്നതിങ്ങനെ, താന്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്‍റിലെ ബാല്‍ക്കണിയില്‍ തന്‍റെ അയല്‍ക്കാരന്‍ വസ്ത്രങ്ങള്‍ ഉണക്കാനിടുന്ന സ്റ്റാന്‍ഡില്‍ ഇടുന്നത് വസ്ത്രങ്ങല്ല, മറിച്ച് പച്ച മാംസമാണ്. ആദ്യം അയല്‍വാസിക്ക് അറിയാതെ പറ്റിയതായിരിക്കാമെന്ന് വിചാരിച്ചെങ്കിലും ഇത് ഒരു പതിവായി മാറിയെന്ന് യുവാവ് കുറിപ്പില്‍ പറയുന്നു. പച്ചമാംസത്തില്‍ നിന്ന് രക്തം കലര്‍ന്ന വെള്ളവും ഇറ്റിറ്റു വീഴാറുണ്ടായിരുന്നു. സ്ഥിരമായി പച്ചമാംസം ബാല്‍ക്കണിയില്‍ ഇട്ട് ആ പരിസരമാകെ രക്തത്തിന്‍റെയും പച്ചമാംസത്തിന്‍റെയും മണമാണെന്നും ഇത് വല്ലാത്തൊരു അവസ്ഥയാണെന്നും യുവാവ് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
അപ്പാര്‍ട്ട്മെന്‍റില്‍ താമസിക്കുന്നവര്‍ക്ക് ഈ അസ്വാഭാവികമായ മണത്തെ കുറിച്ചും ദുർഗന്ധം വമിക്കുന്ന വെള്ളം ഒഴുകുന്നതിനെ കുറിച്ചും ആദ്യം ഒന്നും മനസിലായില്ലെന്നും എന്നാല്‍ സംഭവം അറിഞ്ഞതോടെ എല്ലാവരും മാനേജ്മെന്‍റിനെ അറിയിക്കുകയും പരാതിപ്പെടുകയും ചെയ്തു. നിരവധി പരാതികൾ ഉയർന്നതോടെ അയൽവാസി മാംസം ഉണക്കൽ പരിപാടി അവസാനിപ്പിച്ചെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.
അയൽവാസികൾ തമ്മില്‍ പല തര്‍ക്കങ്ങളും പതിവാണെന്നും എന്നാല്‍ അടുത്തെങ്ങും ഇത്തരമൊരു പരാതി കണ്ടിട്ടില്ലെന്നുമാണ് കുറിപ്പ് വായിച്ചവരുടെ അഭിപ്രായം. ഇത്തരത്തില്‍ ഉണക്കാനിടുന്ന മാംസത്തിൽ ഈച്ചകൾ മുട്ടയിടാന്‍ സാധ്യതയുണ്ടെന്നും ഇത് വൃത്തിഹീനം മാത്രമല്ല, ആരോഗ്യത്തിനും അപകടമാണെന്നാണ് ആളുകളുടെ വാദം. ഇത് പല രോഗങ്ങൾക്കും ബാക്ടരീയ പടർത്താനും ഇടയാക്കുമെന്ന് മറ്റ് ചിലര്‍ മുന്നറിയിപ്പ് നല്‍കി.