ബ്രിട്ടീഷ് പ്രധാനമന്ത്രിയെ സ്വീകരിക്കാനായി മുംബൈയിൽ ഒരുക്കിയ കഥകളി വിവാദത്തിൽ. സാംസ്‌കാരിക കേരളത്തിന്റെ അഭിമാനമായ കഥകളിയെ അപമാനിച്ചുവെന്നാണ് ഉയരുന്ന ആക്ഷേപം. വിദേശകാര്യമന്ത്രാലയത്തിന്റെ ഔദ്യോഗിക പേജിലാണ് വീഡിയോ പുറത്തുവിട്ടത്.

മുംബൈയില്‍ എത്തിയ യുകെ പ്രധാനമന്ത്രിക്ക് ഊഷ്മളവും വര്‍ണ്ണാഭമായതുമായ സ്വീകരണമെന്ന ക്യാപ്ഷനോട് കൂടിയായിരുന്നു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.  അലംഭാവത്തോടെയും അലസതയോടെയുമുള്ള ചുവടുകളും, കൃത്യതയില്ലാത്ത വേഷവുമാണ് അവതരിപ്പിച്ചതെന്നാണ് ഉയരുന്ന ആക്ഷേപം. 16  സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണ് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്നത്.

സംഗതി കഥകളിയാണ് എന്ന് എവിടെയും പരാമര്‍ശിച്ചിട്ടില്ലെങ്കിലും വേഷവിധാനങ്ങള്‍ കഥകളിക്ക് സമാനമാണ്.  ബ്രിട്ടീഷ് പ്രധാനമന്ത്രിയെ നിങ്ങള്‍ പറ്റിക്കുകയാണോ എന്ന് തുടങ്ങി വേഷവിധാനങ്ങള്‍ക്ക് വരെ വലിയ പരിഹാസമാണുണ്ടായിരിക്കുന്നത്. ഇതിനെല്ലാം അപ്പുറം ഒരു സംസ്ഥാനത്തിന്റെ അഭിമാനമായ കലാരൂപത്തെ ആക്ഷേപിക്കുന്ന തരത്തിലുള്ള സംഭവമാണ് നടന്നിരിക്കുന്നതെന്നുള്ള വിമര്‍ശനങ്ങള്‍ വീഡിയോയ്ക്ക് പിന്നാലെ ഉണ്ടായിട്ടുണ്ട്. 

ENGLISH SUMMARY:

Kathakali controversy erupts as a reception for the British Prime Minister in Mumbai sparks outrage. Critics are denouncing the performance as a disrespectful depiction of Kerala's iconic art form.