ഭൂട്ടാനില്‍നിന്ന് കേരളത്തിലേക്കുള്ള കാര്‍ കടത്തില്‍ സൂപ്പര്‍ താരങ്ങളുള്‍പ്പെടെ അന്വേഷണം നേരിടുമ്പോള്‍ രാജ്യ തലസ്ഥാനത്ത് നിയമം ലംഘിച്ചുള്ള വാഹന വില്‍പന തകൃതിയാണ്. പഴയ വാഹനങ്ങളും പൊളിക്കാനെത്തിച്ച വാഹനങ്ങളും എന്‍ജിന്‍ മാറ്റിയും കൃത്രിമ രേഖകളുണ്ടാക്കിയും വില്‍ക്കുന്നു. കേരളത്തിലേക്കും ഇത്തരം നിരവധി വാഹനങ്ങളാണ് വില്‍ക്കുന്നത്. വിദേശ നിര്‍മിത എന്‍ജിനുള്‍പ്പെടെ ലഭിക്കുമെന്നാണ് ഡല്‍ഹി മായാപുരിയിലെ കച്ചവടക്കാരുടെ അവകാശവാദം. മനോരമ ന്യൂസ് അന്വേഷണം.
പഴയ വാഹനങ്ങളുടെയും വാഹന സ്പെയര്‍പാര്‍ട്സുകളുടെയും ഇന്ത്യയിലെതന്നെ ഏറ്റവും വലിയ വിപണികളിലൊന്നാണ് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മായാപുരി. അപകടങ്ങളില്‍ ഭാഗികമായി തകര്‍ന്നതും പൊളിക്കാന്‍ എത്തിച്ച വാഹനങ്ങളും വാഹന ഭാഗങ്ങളും മായാപുരിയില്‍ സുലഭം. സൈന്യം ഉപയോഗത്തിനുശഷം ലേലം ചെയ്ത വാഹനങ്ങളും നിരവധിയാണ്. ഭൂട്ടാനില്‍നിന്നെത്തിച്ച വാഹനങ്ങളുണ്ടോയെന്ന് അന്വേഷിക്കാനാണ് മനോരമ ന്യൂസ് സംഘമെത്തിയത്.
‘നിരയായുള്ള കടകള്‍, ഒരിടത്തുകയറി ഇറക്കുമതി വാഹനങ്ങളുണ്ടോയെന്ന് ചോദിച്ചു. ആവശ്യമുള്ള വാഹനത്തില്‍ ദുബായ് നിര്‍മിത എഞ്ചിന്‍ വച്ചുനല്‍കാമെന്ന് കടക്കാരന്‍. കൂടുതല്‍ ശക്തിയുള്ള എഞ്ചിന്‍ വേണമെന്നറിയിച്ചു. നിസാന്‍ വാഹനത്തില്‍ ടാറ്റ പിക്കപ്പിന്‍റെ എഞ്ചിന്‍ ഘടിപ്പിക്കാമെന്ന് മറുപടി.പെട്രോള്‍ ഡീസല്‍ എഞ്ചിനുകള്‍ പരസ്പരം മാറ്റി വയ്ക്കും. തകര്‍ന്ന വാഹനങ്ങളുടെ എഞ്ചിന്‍, എഞ്ചില്‍ തകരായ മറ്റു വാഹനങ്ങളില്‍ ഘടിപ്പിച്ച് നല്‍കും. റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലെ സമാന നമ്പറുകളില്‍തന്നെയാകും എഞ്ചിനും ഷാസിയുമെന്നും ഉറപ്പ്.’
മോട്ടോര്‍ വാഹന വകുപ്പിന്‍റെ മുന്‍കൂര്‍ അനുമതിയോടെ കര്‍ശന വ്യവസ്ഥകളനുസരിച്ചുമാത്രമേ സമാന എന്‍ജിനുകള്‍ തന്നെ മാറ്റാനാകു. നിയമങ്ങളെല്ലാം ലംഘിച്ച് മായാപുരിയില്‍ തോന്നുംപടി എന്‍ജിന്‍ മാറ്റിവയ്ക്കും. വാഹനം ഹിമാചല്‍ പ്രദേശ് നമ്പറിലോ നാഗാലാന്‍റ് നമ്പറിലോ രജിസ്റ്റര്‍ ചെയ്ത് എന്‍.ഒ.സിയും നല്‍കും. ഡല്‍ഹിയില്‍ നേരിട്ടെത്തിയും ഏജന്‍റുമാര്‍ മുഖേനയും പഴയ വാഹനങ്ങള്‍ വാങ്ങുന്ന മലയാളികളുടെ ശ്രദ്ധയിലേക്കാണ് ഈ വാര്‍ത്ത. വിലക്കുറവിന്‍റെ ലാഭത്തിനപ്പുറം നിയമവിരുദ്ധതയും കൃത്രിമങ്ങളും തിരിച്ചറിയുക.