കരൂര്‍ ദുരന്തത്തിന്‍റെ നടുക്കുന്ന ഓര്‍മപ്പെടുത്തലാണ് ചിതറിക്കിടക്കുന്ന നൂറുകണക്കിന് ചെരുപ്പുകള്‍. 11 ദിവസത്തിന് ശേഷം അവയെല്ലാം ദുരന്തസ്ഥലത്ത് നിന്ന് മാറ്റി. 41 ജീവനുകള്‍ കവര്‍ന്ന ദുരന്തത്തിന്‍റെ അലയൊലികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല തമിഴ്നാട്ടില്‍.
സെപ്തംബര്‍ 27. പ്രിയപ്പെട്ട നേതാവിനെ, പ്രിയപ്പെട്ട സൂപ്പര്‍ സ്റ്റാറിനെ ഒരു നോക്ക് കാണാന്‍ എത്തിയതായിരുന്നു വേലുസാമിപുരത്ത് എത്തിയ ഓരോരുത്തരും. കാത്തിരുന്നത് പക്ഷേ ഒരിക്കലും മറക്കാനാകാത്ത ദുരന്തം. കൂടെയുണ്ടാകുമെന്ന് പറഞ്ഞ നേതാവ് ആശുപത്രിയില്‍ പോലും സന്ദര്‍ശനം നടത്താതെ ചെന്നൈയിലേക്ക് മടങ്ങി. ദുരന്തത്തിന്‍റെ നേര്‍ ചിത്രം തുറന്ന് കാട്ടി അനാഥമായ നൂറുകണക്കിന് ചെരുപ്പുകള്‍. ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തിനിടയില്‍ ആരെല്ലാമോ ബാക്കിവച്ചവ.
11 ദിവസത്തിന് ശേഷം ഈ ചെരുപ്പുകളെല്ലാം നീക്കം ചെയ്തു. എസ്ഐടി സംഘമടക്കമുള്ളവരുടെ പരിശോധനകള്‍ക്ക് ശേഷമാണ് നടപടി. 450 കിലോ ചെരുപ്പുകളാണ് മുനിസിപ്പാലിറ്റിയുടെ ശുചീകരണത്തൊഴിലാളികള്‍ നീക്കിയത്. അന്വേഷണം പൂര്‍ത്തിയാക്കും വരെ ഇവ സുരക്ഷിതമായി സൂക്ഷിക്കും. പ്രവര്‍ത്തകര്‍ കയറി മേല്‍ക്കൂരയെല്ലാം കേടുവന്നതോടെ വിജയ് നഷ്ടപരിഹാരം നല്‍കണമെന്ന് കടയുടമകള്‍ ആവശ്യപ്പെട്ടു. വേലുസാമിപുരം സാധാരണനിലയിലേക്ക് ഏതാണ്ട് പൂര്‍ണമായും മടങ്ങിക്കഴിഞ്ഞു. പക്ഷേ കാലമെത്ര കഴിഞ്ഞാലും പ്രിയപ്പെട്ടവരെ പിരിഞ്ഞ വേദന ഉറ്റവര്‍ക്കുള്ളില്‍ അണയാതെ നിലനില്‍ക്കുമെന്ന് ഉറപ്പാണ്.