AI Image
തണുത്ത് വന്യമായ കാടിന്‍റെ അടിത്തട്ടിൽ തൊട്ടിലിനായി കരഞ്ഞ് ഒരു പിഞ്ചുകുഞ്ഞ്. ഭൂമിയില്‍ പിറന്ന ആദ്യ മണിക്കൂറുകളിൽ അവന്‍റെ പിഞ്ചുശരീരത്തിലേക്ക് അരിച്ചുകയറിയത് ദയയില്ലാത്ത ഉറുമ്പിന്‍ കൂട്ടങ്ങളായിരുന്നു. മധ്യപ്രദേശിലെ ചിന്ദ്വാരയിലെ മൂന്ന് ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന്‍റെ ഞെട്ടിക്കുന്ന കഥ മനുഷ്വത്യം മരിച്ചിട്ടില്ലാത്ത ആരുടെയും കരളലിയിക്കും.
ജനിച്ച് ദിവസങ്ങള്‍ പിന്നിട്ട പിഞ്ചുകുഞ്ഞിനെ സര്‍ക്കാര്‍ അധ്യാപകരായ മാതാപിതാക്കള്‍ കല്ലിനടിയിൽ കെട്ടിയിട്ട് കാട്ടില്‍ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു. കാടിന്‍റെ തണുപ്പും പ്രാണികളുടെ കടിയും ശ്വാസം മുട്ടലും അനുഭവിച്ച് ഒരു രാത്രി മുഴുവന്‍ മരണത്തോട് പൊരുതിയ ചോരക്കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടുണര്‍ന്ന ഗ്രാമവാസികളാണ് കല്ല് വലിച്ചെടുത്ത് രക്തം പുരണ്ട് വിറയ്ക്കുന്ന കുഞ്ഞുശരീരം പുറത്തെടുത്തത്.
സർക്കാർ അധ്യാപകനായ പിതാവ് ബബ്ലു ദണ്ഡോലിയയും അമ്മ രാജ്കുമാരി ദണ്ഡോലിയയും നാലാമത്തെ കുട്ടിയായതിനാലാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് ജോലി പരിമിതപ്പെടുത്തുന്ന സർക്കാർ നിയമങ്ങൾ പ്രകാരം ജോലി നഷ്ടപ്പെടുമെന്ന ഭയമാണ് ദമ്പതികളെ കണ്ണില്ലാത്ത ക്രൂരത ചെയ്യാന്‍പ്രേരിപ്പിച്ചത്. ഇതിനകം മൂന്ന് കുട്ടികളുള്ളതിനാൽ ഗർഭധാരണം ഇരുവരും രഹസ്യമാക്കി വച്ചു. സെപ്റ്റംബർ 23 ന് പുലർച്ചെ രാജ്കുമാരി വീട്ടിൽ പ്രസവിച്ചു. മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിനെ കാട്ടിലേക്ക് കൊണ്ടുപോയി കല്ലിനടിയിൽ ഉപേക്ഷിക്കുകയായിരുന്നു.
നന്ദൻവാടി ഗ്രാമത്തിൽ രാവിലെ നടക്കാൻ പോയവരാണ് ആദ്യം കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടത്. ശബ്ദം കേട്ടപ്പോള്‍ ആദ്യം ഏതോ ജീവിയാണെന്ന് കരുതിയെന്നും അടുത്തേക്ക് ചെന്നപ്പോൾ കല്ലിനടിയിൽ പിടയുന്ന ചെറിയ കൈകൾ കാണുകയായിരുന്നുവെന്നും നാട്ടുകാരന്‍ പറയുന്നു. ചിന്ദ്‌വാര ജില്ലാ ആശുപത്രിയിലെത്തിത്ത കുഞ്ഞിന് ഉറുമ്പ് കടിയേറ്റതായും ഹൈപ്പോഥെർമിയയുടെ ലക്ഷണങ്ങൾ ഉണ്ടെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. എങ്കിലും കുഞ്ഞ് ഇപ്പോള്‍ അപകടാവസ്ഥ തരണം ചെയ്തതായും ഡോക്ടര്‍മാര്‍ പറഞ്ഞു.
കുഞ്ഞിനോട് ചെയ്ത ക്രൂരതയ്ക്ക് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 93 പ്രകാരം മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചുവരികയാണ്. 109 ബിഎൻഎസ് (കൊലപാതകശ്രമം) ഉൾപ്പെടെയുള്ള കൂടുതൽ വകുപ്പുകൾ ഇരുവര്‍ക്കുമെതിരെ ചുമത്തുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്കുകള്‍ പ്രകാരം, ഇന്ത്യയിൽ ഉപേക്ഷിക്കപ്പെട്ട നവജാതശിശുക്കളുടെ ഏറ്റവും ഉയർന്ന എണ്ണം മധ്യപ്രദേശിലാണ്. ദാരിദ്ര്യം, സാമൂഹിക അപമാനം, ജോലിയുമായി ബന്ധപ്പെട്ട ഭയം എന്നിവ ഇത്തരം നിരവധി സംഭവങ്ങൾക്ക് കാരണമാകുന്നുണ്ട്. വിദ്യാസമ്പന്നരായ ആളുകള്‍ പോലും ഇത്തരം കുറ്റകൃത്യങ്ങളില്‍ പിന്നിലല്ലെന്നതാണ് അവിശ്വസനീയമായ യാഥാര്‍ഥ്യം.