ലഡാക്ക് സംഘര്‍ഷത്തില്‍ ലഡാക് സമരനേതാവ് സോനം വാങ്ചുക് അറസ്റ്റില്‍. ദേശസുരക്ഷ നിയമപ്രകാരം അറസ്റ്റ് ചെയ്ത വാങ്ചുകിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. യുവാക്കളെ അക്രമത്തിലേക്ക് തള്ളിവിട്ടതിന് ലേ പൊലീസ് ഇന്നലെ സോനത്തിനെതിരെ കേസെടുത്തിരുന്നു. സോനത്തിനെതിരെ സിബിഐയും അന്വേഷണം തുടങ്ങി. സോനം നടത്തിയ പരാമർശങ്ങളും അദ്ദേഹത്തിന്‍റെ പ്രചോദനവുമാണ് ലഡാക്കില്‍ സംഘർഷമുണ്ടാകാന്‍ കാരണം എന്നായിരുന്നു കേന്ദ്രം സർക്കാറിന്റെ വിമര്‍ശനം.
ലഡാക്കിലെ സംഘര്‍ഷത്തിന് പിന്നാലെ തനിക്കെതിരെ നടക്കുന്നത് വേട്ടയാടലെന്ന് സമര നേതാവ് സോനം വാങ്‌ചുക് വ്യക്തമാക്കിയിരുന്നു. അറസ്റ്റ് ചെയ്താൽ കാര്യങ്ങൾ ഗുരുതരമാകുമെന്ന മുന്നറിയിപ്പും സോനം നല്‍കിയിരുന്നു. ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു എന്നാരോപിച്ച് സോനത്തിന്‍റെ സംഘടനയുടെ സന്നദ്ധ സംഘടനക്കുള്ള FCRA ലൈസൻസ് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. സിബിഐയും ആദായനികുതി വകുപ്പും നോട്ടീസ് അയച്ചതും വേട്ടയാടലെന്നാണ് സോനത്തിന്റെ മറുപടി.
ലഡാക്കിന് സംസ്ഥാനപദവി ആവശ്യപ്പെട്ട് ലേയില്‍ നടന്ന പ്രതിഷേധത്തില്‍ നാലു പേരാണ് കൊല്ലപ്പെട്ടത്. 70 പേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷത്തേത്തുടര്‍ന്ന് ലഡാക്കില്‍ ലെഫ്.ഗവര്‍ണര്‍ കവിന്ദര്‍ ഗുപ്ത കര്‍ഫ്യൂ പ്രഖ്യാപിച്ചു. ലഡാക് അപെക്സ് ബോഡിയുടെ യുവജന വിഭാഗം ആഹ്വാനം ചെയ്ത ബന്ദിനിടെയാണ് സംഘര്‍ഷമുണ്ടായത്. ബി.ജെ.പി ആസ്ഥാനത്തിന് മുന്നില്‍ സംഘടിച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ബലംപ്രയോഗിച്ചു. ഇതോടെ പൊലീസിനുനേരെ കല്ലേറുണ്ടായി. പിന്നാലെ ബി.ജെ.പി. ഓഫിസും നിരവധി പൊലീസ് വാഹനങ്ങളും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. മണിക്കൂറുകള്‍ ലേ നഗരത്തില്‍ തെരുവുയുദ്ധമായിരുന്നു.