Image Credit: Social Media

Image Credit: Social Media

ബിഹാറിലെ പട്നയില്‍ അഞ്ച് യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന എസ്‌യുവി റോഡിലെ കുഴിയില്‍ വീണു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയിയില്‍ വൈറലാണ്. തിരക്കേറിയ റോഡിലെ വെള്ളം നിറഞ്ഞ കുഴിയില്‍ എസ്‌യുവി മുങ്ങിത്താഴുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. എന്നാല്‍‌ വാര്‍ത്തയേക്കാളേറെ ശ്രദ്ധ പിടിച്ചുപറ്റിയത്, അത് ഓടിച്ചിരുന്ന സ്ത്രീയുടെ പ്രതികരണമാണ്. എന്‍ഡിഎ സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അപകടമെന്നാണ് യുവതിയുടെ ആരോപണം. പട്‌ന റെയിൽവേ സ്റ്റേഷന് സമീപമുള്ള റോഡിലാണ് അപകടമുണ്ടായത്. 

വെള്ളക്കെട്ടുള്ള ഭീമാകാരമായ കുഴിയില്‍ ഒരു കറുത്ത സ്കോർപിയോ-എൻ കാർ മുങ്ങിക്കിടക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഏതാണ്ട് പൂർണ്ണമായും വെള്ളത്തിൽ മുങ്ങി ചരിഞ്ഞ നിലയിലായിരുന്നു എസ്‌യുവി. രണ്ടുപേര്‍ വാഹനത്തിന് മുകളില്‍ നിന്ന് ഡ്രൈവറുടെ സൈഡ് ഡോർ തുറന്ന് അകത്ത് ആരും ഇല്ലെന്ന് ഉറപ്പാക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വാഹനത്തിലുണ്ടായിരുന്ന അഞ്ചുപേരും സുരക്ഷിതരാണ്. 

വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവേയാണ് സംഭവം സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഭാഗൽപൂർ നിവാസിയായ ഡ്രൈവർ നീതു സിങ് ചൗബെ പറഞ്ഞത്. ‘ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടെല്ലാം ഞങ്ങള്‍ സംസാരിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇതെല്ലാം ബിഹാര്‍ അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ‍ഡെവലപ്മെന്‍റ് കോര്‍പറേഷന്‍റെ തെറ്റാണ്. മഴക്കാലമാണ്. അഞ്ച് പേർ കാറിലുണ്ടായിരുന്നു. ആര്‍ക്കെങ്കിലും ജീവൻ നഷ്ടപ്പെട്ടാൽ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക?’

അധികൃതർ കുഴിയുണ്ടാക്കി ശ്രദ്ധിക്കാതെ വിടുകയാണെന്നും അവര്‍ ആരോപിച്ചു. കുഴിയുണ്ടെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ഒരു സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടില്ലെന്നും നീതു പറഞ്ഞു. ‘ബാരിക്കേഡ് ഉണ്ടായിരുന്നില്ല. എന്റെ കാർ വീണതിനുശേഷവും മറ്റൊരാൾ ബൈക്കിൽ അതേ കുഴിയിൽ വീണു. നാട്ടുകാർ പറയുന്നത് എല്ലാ ദിവസവും ആരെങ്കിലും ഈ കുഴിയിൽ വീഴുന്നു എന്നാണ്’ നീതു പറയുന്നു.

സംഭവത്തില്‍ കമന്‍റുകളുമായി നെറ്റിസണ്‍സും രംഗത്തെത്തി. ‘നമ്മുടെ രാജ്യത്തിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? വലിയ നികുതിയുള്ള കാര്‍ കുഴിയില്‍ പകുതി മുങ്ങിക്കിടക്കുന്നു. അപ്പോളും നിതീഷിന്റെ വിശ്വസ്തനായിരിക്കാൻ സാധ്യതയുള്ള കാറിന്‍റെ ഉടമ അധികൃതരെ കുറ്റപ്പെടുത്താന്‍ വിസമ്മതിക്കുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിഹാർ സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണിതെന്ന് അവകാശപ്പെടുന്നു’ ഒരാള്‍ കുറിച്ചു.

ENGLISH SUMMARY:

A shocking incident in Patna went viral as an SUV carrying five passengers plunged into a massive water-filled pothole near the railway station. Dramatic visuals showed the Scorpio-N almost fully submerged, but all passengers escaped safely. What grabbed more attention was the driver, Neetu Singh Chaubey’s claim that the mishap was part of a conspiracy to defame the Bihar NDA government ahead of elections. She accused the Bihar Urban Infrastructure Development Corporation of negligence, highlighting the absence of barricades or warnings. The viral video has sparked widespread debate, with netizens mocking the political twist given to a clear case of civic failure.