ഒരു കാലത്ത് ഇന്ത്യയെയാകെ തരംഗത്തിലാക്കിയ പാട്ടായിരുന്നു ഗാംങ്സ്റ്റര്‍ എന്ന ബോളിവുഡ് സിനിമയിലെ യാ ആലി എന്ന ഗാനം. പാട്ട് പാടിയ ആസാമീസ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്‍റെ മരണവാര്‍ത്ത വളരെ വേദനയോടെയാണ് സംഗീതാസ്വാദകര്‍ കേട്ടത്. സിംഗപൂറില്‍ സ്കൂബ ഡൈവിങ് അപകടത്തിനിടെയായിരുന്നു ഗായകന്‍ മരിച്ചത്. 52 കാരന്‍ ഡൈവ് ചെയ്ത് തിരിച്ച് ജലോപരിതലത്തിലേക്ക് എത്തവെ ബോധം നഷ്ടപ്പെടുകയും ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു. ഗായകന്‍റെ മരണവാര്‍ത്ത ആരാധകരെ ഏറെ വേദനയിലാഴ്ത്തിയിരുന്നു. കടലിനടിയിലെ മര്‍ദം കൂടുതലായതിനാല്‍ പ്രത്യേക ട്രെയിനിങ്ങോടുകൂടി മാത്രമേ ഫ്രീഡൈവിങ് ചെയ്യാനാകൂ. എന്നാല്‍ പരിശീലകനൊപ്പം മുങ്ങിയ ഗായകന് കടലിനടിയില്‍ വച്ച് ശ്വാസം നഷ്ടപ്പെടുകയായിരുന്നു. ഉടനെ കരയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രാഥമികമായി സുബീന്‍ ഗാര്‍ഗിന്‍റെ മരണം ഒരു മുങ്ങിമരണമാണെങ്കിലും പല ഘടകങ്ങളും മരണത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. ഓക്സിജന് പകരം ശ്വാസകോശത്തില്‍ ജലം കയറിയത് ഓക്സിജന്‍ വലിച്ചെടുക്കുന്നതിന് ബുദ്ധിമുട്ടായി. കൂടാതെ ഉയര്‍ന്ന മര്‍ദം കാരണം വലിയ അളവിലാണ് സുബീന്‍റെ ശ്വാസകോശത്തിലേക്ക് വെള്ളം കയറിയത്. തിരിച്ച് ഉപരിതലത്തിലേക്കെത്തിയപ്പോഴേക്കും മര്‍ദം കുറയുകയും വെള്ളം സുബീന്‍റെ ശ്വാസകോശത്തില്‍ കിടന്ന് വികസിക്കുകയും ചെയ്തു. കൂടാതെ ശ്വാസകോശത്തില്‍ അവശേഷിച്ച ശ്വാസകണികകള്‍ രക്തക്കുഴലുകളിലേക്ക് ഇരച്ച് കയറി രക്തതടസം ഉണ്ടാക്കി. ഇതേ തുടര്‍ന്ന് ഹൃദയാഘാതം വന്നെന്നും വിലയിരുത്തലുണ്ട്.
മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഗായകന്‍ തന്‍റെ ഗാനങ്ങള്‍ ആസ്വദിക്കുന്നതിന്‍റെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
വടക്ക്–കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തന്‍റെ സംഗീതനിശ നടത്താനിരിക്കെയാണ് ഗായകന്‍ അപ്രതീക്ഷിത മരണത്തിന് കീഴടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ ഗായകന് ആദരാഞ്ജലി അര്‍പ്പിച്ചു.