Image Credit: reddit

ബാൽക്കണിയിൽ നില്‍ക്കുന്ന തന്നെ നോക്കി റോഡില്‍ കാറിലിരുന്ന യുവാവ് സ്വയംഭോഗം ചെയ്യുന്ന ദൃശ്യങ്ങള്‍ പങ്കുവച്ച് യുവതി. ഗുരുഗ്രാം നിവാസിയും മോഡലുമായ യുവതിയാണ് തനിക്കുണ്ടായ ദുരനുഭവം റെഡ്ഡിറ്റിലൂടെ പങ്കുവച്ചത്. മേദാന്ത ആശുപത്രിക്ക് സമീപമുള്ള നഗരത്തിൽ പുലർച്ചെ 12:20 ആയിരുന്നു സംഭവം. ‘ഗുരുഗ്രാമിലെ ഭയാനകമായ സംഭവം’ എന്ന് കുറിച്ചാണ് യുവതി പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. എന്താണ് നടന്നതെന്ന് യുവതി പോസ്റ്റില്‍ വിശദീകരിക്കുന്നുമുണ്ട്.

യുവതി പറയുന്നതിങ്ങനെ... ‘ഞാൻ എന്റെ ബാൽക്കണിയിൽ ഒരു സുഹൃത്തിനോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് റോഡില്‍ ഒരു കറുത്ത ഥാര്‍ വന്നു നിന്നു. ആദ്യം ഡ്രൈവര്‍ അതിനുള്ളില്‍ ഇരിക്കുകയാണെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ പിന്നീടാണ് അയാളുടെ ചലനങ്ങള്‍ ശ്രദ്ധിച്ചത്. എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നി. അയാള്‍ എന്നെ തുറിച്ചുനോക്കി സ്വയംഭോഗം ചെയ്യുകയായിരുന്നു. ഞാൻ പെട്ടെന്ന് അകത്തേക്ക് ഓടി, എന്റെ റൂംമേറ്റിനോട് കാര്യം പറഞ്ഞു. ഉടന്‍ അയാളുടെ പ്രവൃത്തി റെക്കോര്‍ഡ് ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു.’

‘അയാള്‍ സീറ്റിൽ ചാരിയിരിക്കുന്നത് ഞങ്ങൾ കണ്ടു. ലജ്ജയില്ലാതെ ഞങ്ങളെ നോക്കി ആംഗ്യം കാണിച്ചുകൊണ്ട് അയാള്‍ ആ പ്രവൃത്തി തുടര്‍ന്നു. ഏകദേശം 10 മിനിറ്റ് ഇത് നീണ്ടുനിന്നു. അതോടെ എന്‍റെ മറ്റൊരു സുഹൃത്ത് ധൈര്യപൂർവ്വം ക്യാമറയും ഓണ്‍ ചെയ്ത് അയാളുടെ അടുത്തേക്ക് നേരിട്ടുചെന്നു. വിഡിയോ എടുക്കുന്നത് കണ്ട അയാള്‍ പിടിക്കപ്പെടുന്നതിന് മുമ്പ് വണ്ടിയുമായി സ്ഥലം വിട്ടു’ യുവതി റെഡ്ഡിറ്റിലെ പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിനോടൊപ്പം യുവാവിന്‍റെ വിഡിയോയും യുവതി പങ്കുവച്ചിട്ടുണ്ട്. പിന്നാലെ സോഷ്യൽ മീഡിയയിലും പ്രതിഷേധം ഉയര്‍ന്നു. ‘വെറുപ്പുളവാക്കുന്ന സംഭവം’ എന്നാണ് പലരും കമന്‍റായി കുറിച്ചത്. അതേസമയം, സംഭവത്തെ കുറിച്ച് പരാതിപ്പെടാനും യുവതിയോട് ആളുകള്‍ ആവശ്യപ്പെട്ടു. ‘വണ്ടിയുടെ നമ്പര്‍ കിട്ടിയിട്ടുണ്ടെങ്കില്‍ എന്തായാലും റിപ്പോര്‍ട്ട് ചെയ്യുക’ എന്നാണ് ഒരാള്‍ കുറിച്ചത്. എന്നാല്‍‌ നമ്പർ പ്ലേറ്റ് കാണാൻ കഴിയാത്ത ഒരു കോണിലായിരുന്നു വാഹനമെന്നും റെക്കോർഡുചെയ്യാൻ ശ്രമിച്ചപ്പോൾ അയാൾ വളരെ വേഗത്തിൽ വണ്ടിയോടിച്ചു പോയെന്നും യുവതി മറുപടി നല്‍കിയിട്ടുണ്ട്. അതേസമയം ഗുരുഗ്രാമില്‍ ഇത് ഒരു പതിവ് കാഴ്ചയാണെന്ന് ഒരാള്‍ അവകാശപ്പെട്ടു. 

കഴിഞ്ഞ ഓഗസ്റ്റില്‍ മറ്റൊരു യുവതിക്കും സമാന അനുഭവം ഉണ്ടായികുന്നു. ജയ്പൂരിൽ നിന്ന് രാവിലെ 11 മണിയോടെ തിരിച്ചെത്തിയ യുവതി രാജീവ് ചൗക്കിൽ ഒരു ടാക്സിക്കായി കാത്തിരിക്കവേയാണ് സംഭവം. ഒരു പുരുഷൻ തുടർച്ചയായി തന്നെ തുറിച്ചുനോക്കാന്‍ തുടങ്ങിയെന്നും പിന്നാലെ അയാൾ പാന്റ്സിന്റെ സിപ്പ് അഴിച്ച് സ്വയംഭോഗം ചെയ്യാൻ തുടങ്ങിയെന്നും യുവതി പറഞ്ഞിരുന്നു. എല്ലാം യുവതി മൊബൈലി‍ല്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

ENGLISH SUMMARY:

A woman in Gurugram, standing on her balcony, witnessed a man in a car on the road performing obscene acts while staring at her. She shared the disturbing incident on Reddit, along with video evidence captured by her friend. The event, which occurred near Medanta Hospital around 12:20 AM, has sparked outrage on social media. Authorities and the public have urged her to report the incident, highlighting ongoing safety concerns in the city.