മണിപ്പുരിലെ ജനങ്ങൾക്കിടയിൽ പരസ്പര വിശ്വാസത്തിന്‍റെ പാലം പണിയണമെന്ന് കലാപം തുടങ്ങിയശേഷമുള്ള ആദ്യ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. അക്രമം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രിയുടെ ആഹ്വാനം. കുക്കി മേഖലയായ ചുരാചന്ദ്പൂരിലും മെയ്തെയ് മേഖലയായ ഇംഫാലിലും പ്രധാനമന്ത്രിയെത്തി. സന്ദര്‍ശനം പ്രഹസനമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
കോരിച്ചൊരിഞ്ഞ മഴയത്ത് പറഞ്ഞതിലും വൈകി പ്രധാനമന്ത്രി കുക്കി മേഖലയായ ചുരാചന്ദ്പൂരിലെ പീസ് ഗ്രൗണ്ടിലെത്തിയത് ഒരുമണിക്കൂറോളം റോഡില്‍ യാത്ര ചെയ്ത്. പാതയ്ക്കിരുവശവും ദേശീയപതാകയുമേന്തി നിരവധിപ്പേര്‍. കലാപബാധിതരെ കണ്ട പ്രധാനമന്ത്രി, ഏഴായിരം കോടിയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ടു. മണിപ്പുരിലുണ്ടായ അക്രമങ്ങള്‍ നിര്‍ഭാഗ്യകരം. അക്രമം മണിപ്പുരിന്‍റെ ശോഭ കെടുത്തിയെന്നും കേന്ദ്രസര്‍ക്കാരും താനും മണിപ്പുരിലെ ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രിയുടെ ഉറപ്പ്.
കുക്കി മേഖലകൾ ഉൾപ്പെടുത്തി കേന്ദ്രഭരണപ്രദേശം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കുക്കി - സോ ഗോത്ര വിഭാഗങ്ങളുടെ ഉന്നതാധികാര സമിതി പ്രധാനമന്ത്രിക്ക് നിവേദനം നൽകി. ഉച്ചയ്ക്ക് മൂന്നേകാലോടെ ഇംഫാലിലെ കാങ്‌ല കോട്ടയിലെത്തിയ പ്രധാനമന്ത്രി കലാപത്തിന്‍റെ തീരാനോവ് പേറുന്ന കുട്ടികളെയും സ്ത്രീകളെയും കണ്ടു. പ്രധാനമന്ത്രിയോട് സംസാരിക്കവേ കുട്ടികളടക്കമുള്ളവര്‍ വിങ്ങിപ്പൊട്ടി.
കുക്കികള്‍ അധിവസിക്കുന്ന മലയോരവും മെയ്തെയ്കള്‍ വസിക്കുന്ന താഴ്‌വരയും തമ്മില്‍ ശക്തമായ പാലം പണിയണമെന്ന് ഇംഫാലിലെ പൊതുയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. 1,200 കോടി രൂപയുടെ പദ്ധതികളും മോദി ഉദ്ഘാടനം ചെയ്തു. സന്ദര്‍ശനത്തിനിടെ തൗബലില്‍ പ്രധാനമന്ത്രിക്കെതിരെ ഗോ ബാക് വിളികളുമായി മെയ്തെയ് വനിതകള്‍ തടിച്ചുകൂടി. ഇംഫാലില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലും പ്രതിഷേധിച്ചു. പ്രധാനമന്ത്രിയുടെ മണിപ്പുര്‍ സന്ദര്‍ശനം പ്രഹസനമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കുറ്റപ്പെടുത്തി.