ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. നടന്ന തിരഞ്ഞെടുപ്പിൽ 452 വോട്ടുകൾ നേടിയാണ് രാധാകൃഷ്ണൻ വിജയിച്ചത്. എതിർ സ്ഥാനാർത്ഥിയായിരുന്ന ജസ്റ്റിസ് സുദർശൻ റെഡ്ഡിക്ക് 300 വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.
പ്രതിപക്ഷത്ത് വോട്ട് ചോർച്ച: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് വലിയ വോട്ട് ചോർച്ചയുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. പ്രതിപക്ഷത്ത് നിന്ന് 16 വോട്ടുകൾ ഭരണപക്ഷത്തിന് ലഭിച്ചു. ഇത് ക്രോസ് വോട്ടിങ് നടന്നതിൻ്റെ വ്യക്തമായ സൂചനയാണ്. കൂടാതെ, 15 വോട്ടുകൾ അസാധുവായി. ഇത് പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയായി.
സി.കെ.പൊന്നുസ്വാമിയുടെയും കെ.ജാനകിയുടെയും മകനായി തിരുപ്പൂരിൽ 1957 ഒക്ടോബർ 20നു ജനിച്ച രാധാകൃഷ്ണൻ ആർഎസ്എസ് പ്രവർത്തകനായാണു പൊതുരംഗത്തെത്തിയത്. പതിനാറാം വയസ്സിൽ സംഘപരിവാർ ക്യാംപിലെത്തിയ അദ്ദേഹം ഒരിക്കൽപോലും ട്രാക്ക് മാറി ഓടിയിട്ടില്ല. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ അദ്ദേഹം ‘സ്പൈസ്’ എന്ന പേരിൽ വസ്ത്ര ബ്രാൻഡ് തുടങ്ങി തിരുപ്പൂരിൽനിന്നുള്ള ആദ്യകാല കയറ്റുമതിക്കാരിൽ ഒരാളായി. 1974ൽ ജനസംഘത്തിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയിലെത്തി. അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്ന രാധാകൃഷ്ണൻ രൂപീകരണം മുതൽ ബിജെപിയിൽ സജീവമാണ്.
1996ൽ ബിജെപി തമിഴ്നാട് സംസ്ഥാന ജനറൽ സെക്രട്ടറിയായി. കോയമ്പത്തൂർ സ്ഫോടനത്തിനു ശേഷം 1998ൽ നടന്ന തിരഞ്ഞെടുപ്പിൽ ഒന്നര ലക്ഷത്തിലേറെ വോട്ടുകൾക്കാണ് അദ്ദേഹം ആദ്യമായി ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. 1999ലും വിജയം ആവർത്തിച്ചു. പാർലമെന്റ് അംഗമായിരിക്കെ ടെക്സ്റ്റൈൽസ് സ്ഥിരം സമിതി അധ്യക്ഷനായ അദ്ദേഹത്തിന് വസ്ത്ര കയറ്റുമതിയിലെ മുൻപരിചയം ഏറെ ഗുണം ചെയ്തു. അക്കാലത്ത് യുഎൻ പൊതുസഭയിൽ പ്രസംഗിക്കാനുമായി.
2004ൽ തമിഴ്നാട്ടിൽ ബിജെപി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ ശേഷം നടത്തിയ രഥയാത്ര രാധാകൃഷ്ണന്റെ നിശ്ചയദാർഢ്യത്തിന്റെ പ്രതിഫലനമായിരുന്നു. ബിജെപിക്കു വേരോട്ടം കുറവുള്ള തമിഴകത്ത് 19,000 കിലോമീറ്റർ നീണ്ട തേരോട്ടമാണ് സി.പി.രാധാകൃഷ്ണൻ നടത്തിയത്. നദീസംയോജനം, തീവ്രവാദത്തെ ഇല്ലായ്മ ചെയ്യൽ, ഏക സിവിൽകോഡ്, ലഹരിക്കും ഉച്ചനീചത്വങ്ങൾക്കും എതിരായ നടപടി തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു 93 ദിവസം നീണ്ടുനിന്ന രഥയാത്ര. ഇതിനു പിന്നാലെ രണ്ടു പദയാത്രകളും അദ്ദേഹം നയിച്ചു.
2016ൽ കയർ ബോർഡ് ചെയർമാനായി കൊച്ചിയിലെത്തിയ രാധാകൃഷ്ണൻ അവിടെയും മികവു തെളിയിച്ചു. നാലു വർഷം കയർബോർഡിനെ നയിച്ച അദ്ദേഹത്തിന്റെ കാലത്താണ് കയർ കയറ്റുമതി സർവകാല റെക്കോർഡായ 2532 കോടി രൂപയിലെത്തിയത്. 2020 മുതൽ 2022വരെ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയായിരുന്നു.
2023 ഫെബ്രുവരിയിൽ ജാർഖണ്ഡ് ഗവർണറായ അദ്ദേഹം ആദ്യ നാലു മാസത്തിനുള്ളിൽ സംസ്ഥാനത്തെ 24 ജില്ലകളിലും സഞ്ചരിച്ച് ജനങ്ങളുമായും ഉദ്യോഗസ്ഥരുമായും സംവദിച്ചതും ശ്രദ്ധേയമായി. 2024 ജൂലൈ 31ന് മഹാരാഷ്ട്ര ഗവർണറായി ചുമതലയേറ്റു. ഇടക്കാലത്ത് തെലങ്കാന ആക്ടിങ് ഗവർണർ, പുതുച്ചേരി ആക്ടിങ് ലഫ്. ഗവർണർ എന്നീ പദവികളും വഹിച്ചു.