പ്രധാനമന്ത്രിയെ അപമാനിച്ചെന്ന് ആരോപിച്ചുള്ള ബിജെപി പ്രതിഷേധങ്ങള്‍ക്കും പരാതികള്‍ക്കുമിടെ ഇന്ത്യ സഖ്യത്തിന്റെ വോട്ടര്‍ അധികാര്‍ യാത്രക്ക് ഇന്ന് സമാപനം.  രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നയിക്കുന്ന യാത്ര ആരയിലാണ് അവസാനിക്കുക.   വോട്ട് കൊള്ള കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ ബിജെപി ഗോഡ്‌സെയുടെ പാത പിന്തുടരുകയാണെന്ന് ഇന്ത്യ സഖ്യം ആരോപിച്ചു. ഡല്‍ഹി ബിജെപി ഇന്ന് എഐസിസി ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.  

തുറന്ന ജീപ്പില്‍ വോട്ട് കൊള്ള എന്തെന്ന് വിശദീകരിച്ച് രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും ഇന്ത്യ സഖ്യനേതാക്കളും 16 ദിവസം കൊണ്ട് താണ്ടിയത്  24 ജില്ലകളിലെ 60 നിയമസഭ മണ്ഡലങ്ങള്‍. ആദ്യ രണ്ട് ദിനം പിന്നിട്ടതോടെ യാത്ര ജനകീയ പ്രക്ഷോഭമായി. സഖ്യത്തിലെ മുഖ്യമന്ത്രിമാരും നേതാക്കളും എത്തിയതോടെ ബീഹാറിന്‍റെ തെരുവില്‍ പ്രതിഷേധം ആര്‍ത്തിരമ്പി. അവസാന ലാപില്‍ യാത്രയ്ക്കിടെ ഉയര്‍ന്ന പ്രധാനമന്ത്രിക്കെതിരായ മുദ്രാവാക്യം ബിജെപി ഏജന്‍റുമാരെ അയച്ച് വിളിപ്പിച്ചതാണെന്നാണ് ഇന്ത്യ സഖ്യത്തിന്റെ ആരോപണം. മോദിയുടെ വോട്ട് കൊള്ള കൈയോടെ പിടിക്കപ്പെടുകയും ജനത്തിന് അക്കാര്യം ബോധ്യപ്പെടുകയും ചെയ്തപ്പോഴുള്ള ബിജെപിയുടെ രോഷമാണിതെന്നും തേജസ്വി യാദവ്.

സരനിൽ നിന്നും ആരയിലേക്കുള്ള അവസാനദിനയാത്രയില്‍ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും പങ്കെടുക്കുന്നുണ്ട്. വോട്ടു കള്ളന്‍', 'പ്രധാനമന്ത്രിയെ കാണാനില്ല' തുടങ്ങിയ പ്രചാരണങ്ങളില്‍ നടപടി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെക്കും എതിരെ അഭിഭാഷകന്‍ വിനീത് ജിൻഡാല്‍ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി.

ENGLISH SUMMARY:

India Alliance protest concludes amidst allegations of disrespect towards the Prime Minister. The Voter Adhikar Yatra, led by Rahul Gandhi, ends in Ara, highlighting alleged election fraud and sparking BJP protests.