പല ബ്രാന്‍ഡുകളും മനസിലുടയ്ക്കുന്നത് പരസ്യം കൊണ്ടോ അവരുടെ മോഡലുകള്‍ കൊണ്ടോ ആയിരിക്കും. അമൂല്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലെത്തുന്നത് അമൂല്‍ പെണ്‍കുട്ടിയാണ്. ചുവന്ന പുള്ളികളുള്ള കുട്ടിയുടുപ്പണിഞ്ഞ് ബട്ടര്‍ നുണഞ്ഞിരിക്കുന്ന ആ പെണ്‍കുട്ടി ശശി തരൂര്‍ എംപിയുടെ സഹോദരി ശോഭ തരൂര്‍ ആണെന്ന കഥയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈ കഥയിലെ സത്യാവസ്ഥ ആദ്യമായി തുറന്നു പറയുകയാണ് അമൂല്‍.
'അമുൽ പെണ്‍കുട്ടിയുടെ ചിത്രത്തിന് പിന്നില്‍ ശോഭ തരൂരിന്‍റെ സ്വാധീനമില്ല. സിൽവസ്റ്റർ ഡകുൻഹയും ചിത്രകാരൻ യൂസ്റ്റസ് ഫെർണാണ്ടസുമാണ് അമൂല്‍ പെണ്‍കുട്ടിയുടെ പിറവിക്ക് പിന്നില്‍' എന്നാണ് അമൂല്‍ എക്സില്‍ കുറിച്ചത്. 1960ല്‍ അമൂലിന്‍റെ അന്നത്തെ പരസ്യ ചുമതലക്കാരനായിരുന്നു സില്‍വസ്റ്റര്‍ ഡകുന്‍ഹ സുഹൃത്തായ ചന്ദ്രന്‍ തരൂരിനോട് മകളുടെ ചിത്രം ആവശ്യപ്പെട്ടുവെന്നും ലഭിച്ച ചിത്രത്തില്‍ നിന്നും പത്ത് മാസം പ്രായമുള്ള ശോഭയുടെ ചിത്രത്തിന്‍റെ സ്വാധീനത്തിലാണ് യൂസ്റ്റസ് ഫെർണാണ്ടസ് അമൂല്‍ പെണ്‍കുട്ടിയെ വരച്ചതെന്നുമാണ് പ്രചാരണം. ഇക്കാര്യം പറയുന്ന വിഡിയോയ്ക്ക് താഴെയാണ് അമൂലിന്‍റെ ഈ കമന്‍റ്.
അമൂല്‍ പെണ്‍കുട്ടിക്കായുളള തിരഞ്ഞെടുപ്പില്‍ ലഭിച്ച 700 ലധികം എന്‍ട്രികളില്‍ ഒന്നും തൃപ്തികരമായിരുന്നില്ല. ഈ സമയത്താണ് ശോഭ തരൂരിനെ അമൂല്‍ പെണ്‍കുട്ടിയായി തിരഞ്ഞെടുക്കുന്നത്. ആദ്യത്തെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തില്‍ ശോഭ തരൂരും അമൂല്‍ പെണ്‍കുട്ടിയുടെ കളര്‍ ചിത്രത്തില്‍ ശോഭയുടെ സഹോദരി സ്മിതയും എന്നായിരുന്നു നേരത്തെ വന്ന കഥകള്‍.
അതേസമയം, അമൂല്‍ പരസ്യങ്ങളില്‍ താനും സഹോദരി സ്മിതയും ഭാഗമായിരുന്നു എന്ന് ശോഭ തരൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 'താനായിരുന്നു ആദ്യത്തെ അമൂല്‍ പെണ്‍കുട്ടി. ശ്യാം ബെനഗലായിരുന്നു ഫോട്ടോ എടുത്തത്. രണ്ടാമത്ത കളര്‍ ചിത്രത്തില്‍ സഹോദരി സ്മിത തരൂരായിരുന്നു' എന്നാണ് ശോഭ തരൂര്‍ എക്സില്‍ എഴുതിയത്. എന്നാല്‍ അമൂലിന്‍റെ ഭാഗ്യ ചിഹ്നം ഉണ്ടാക്കാന്‍ തന്‍റെ ഫോട്ടോ പ്രചോദനമായോ എന്ന് തനിക്ക് ഉറപ്പില്ലെന്നും ശോഭ വ്യക്തമാക്കിയിരുന്നു.
1966 ലാണ് അമൂല്‍ പെണ്‍കുട്ടി എന്ന ഭാഗ്യ ചിഹ്നം പിറന്നത്. നീല നിറത്തിലുള്ള മുടി കെട്ടിവച്ച ചുവന്ന പൊട്ടുള്ള കുട്ടിയുടുപ്പിട്ട് ബട്ടര്‍ നുണയുന്ന പെണ്‍കുട്ടിയാണ് വര്‍ഷങ്ങളായി അമൂലിന്‍റെ മുഖം.