S Jaishankar with Russia's First Deputy PM Denis Manturov

ഇന്ത്യ–റഷ്യ വ്യാപാരബന്ധം വര്‍ധിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. തീരുവയുടെ പേരിലുള്ള വെല്ലുവിളികൾ മറികടക്കാൻ പദ്ധതികൾ വേണം. റഷ്യ ഉൾപ്പെടുന്ന യൂറേഷ്യൻ എക്കണോമിക് യൂണിയൻ വ്യാപാര കരാർ യാഥാർഥ്യമാക്കണം എന്നും ജയശങ്കർ പറഞ്ഞു. റഷ്യയുടെ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവുമായി മോസ്കോയിൽ നടന്ന കൂടിക്കാഴ്ചയിലായിരുന്നു ആഹ്വാനം. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ചയാണ് വിദേശകാര്യ മന്ത്രി മോസ്കോയിലെത്തിയത്. പുട്ടിന്‍റെ ഇന്ത്യാ സന്ദർശനത്തിന് വഴിയൊരുക്കുക എന്ന ലക്ഷ്യവും കൂടിക്കാഴ്ചയ്ക്ക് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇരു രാജ്യങ്ങളും തമ്മിലുള്ള കാലാതീതമായ ബന്ധത്തെ എടുത്തുകാണിച്ച അദ്ദേഹം ആഗോള തലത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍ക്കിടയിലും കൂടുതൽ ആഴത്തിലുള്ള സാമ്പത്തിക നയങ്ങള്‍ ഇരു രാജ്യങ്ങളും തമ്മില്‍ വേണമെന്നും ആവശ്യപ്പെട്ടു. ‘മെയ്ക്ക് ഇൻ ഇന്ത്യ’യും മറ്റ് പദ്ധതികളും വിദേശ ബിസിനസുകൾക്ക് പുതിയ വാതായനങ്ങൾ തുറന്നിട്ടുണ്ട്. ഇന്ത്യയുടെ ആധുനികവൽക്കരണവും നഗരവൽക്കരണവും ജനങ്ങളുടെ ഉപഭോഗത്തിലും ജീവിതശൈലിയിലുമുള്ള മാറ്റങ്ങളും രാജ്യത്ത് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും റഷ്യന്‍ കമ്പനികളെ ഈ അവസരങ്ങളിലേക്ക് ക്ഷണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ജിഡിപി എങ്ങനെ വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ജയശങ്കറിന്‍റെ പരാമര്‍ശങ്ങള്‍. 

വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്ന് വലിയതോതില്‍ വിഭവങ്ങൾ ആവശ്യമാണെന്നും അതിവേഗം വളരുന്ന അടിസ്ഥാന സൗകര്യങ്ങളുള്ള ഇന്ത്യ, ട്രാക്ക് റെക്കോർഡുള്ള സംരംഭങ്ങൾക്ക് ബിസിനസ് അവസരങ്ങൾ നൽകുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധം തുടർച്ചയായി വൈവിധ്യവൽക്കരിക്കണമെന്നും വിപുലീകരിക്കണമെന്നും വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ ചെയ്യുക, വ്യത്യസ്തമായി ചെയ്യുക എന്നിവയായിരിക്കണം നമ്മുടെ മന്ത്രമെന്നും അദ്ദേഹം പറയുന്നു. 

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ വർദ്ധിപ്പിച്ചതിനു പിന്നാലെ ദിവസങ്ങള്‍ക്ക് ശേഷമാണ് വിദേശകാര്യമന്ത്രിയുടെ പരാമര്‍ശം. റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരം ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന 25% തീരുവ ട്രംപ് ഇരട്ടിയാക്കുന്നത്. ഇന്ത്യ-റഷ്യ ബന്ധം ഏറ്റവും സ്ഥിരതയുള്ള ഒന്നാണെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിൽ അത് അത്രയധികം പ്രതിഫലിച്ചിട്ടില്ലെന്നും എസ് ജയശങ്കർ പറഞ്ഞു. നിക്ഷേപങ്ങൾ, സംയുക്ത സംരംഭങ്ങൾ, മറ്റ് സഹകരണങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ഇരുരാജ്യങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും ജയശങ്കര്‍ വ്യക്തമാക്കി.  അതേസമയം, റഷ്യയുമായുള്ള എണ്ണ വ്യാപാരത്തിന്റെ പേരില്‍ അധിക തീരുവ ചുമത്തിയുള്ള ഡോണള്‍ഡ് ട്രംപിന്‍റെ നടപടി ഇന്ത്യയിലേക്കുള്ള എണ്ണ വിതരണത്തെ ബാധിക്കുമെന്ന ആശങ്കകൾ റഷ്യ തള്ളിയിട്ടുണ്ട്. 

ENGLISH SUMMARY:

India Russia Trade is expected to increase after S Jaishankar's visit to Moscow. The Foreign Minister is keen on enhancing the economic ties and addressing tariff challenges between the two nations.