വിമാനങ്ങളില്‍ ഉള്ളതിന് സമാനമായി ട്രെയിനിലും ലഗേജിന് നിയന്ത്രണം വരുന്നു. നിശ്ചിത അളവില്‍ കൂടിയാല്‍ പണം ഈടാക്കാനാണ് ആലോചന. പ്രധാന സ്റ്റേഷനുകളിലായിരിക്കും ആദ്യം നടപ്പാക്കുക.
ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സുഗമമായ സഞ്ചാരം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് ലഗേജുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ റെയില്‍വെ ആലോചിക്കുന്നത്. വിമാനത്തിലേതിന് സമാനമായി ട്രെയിനില്‍ സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജിന് പരിധി നിശ്ചയിക്കും. കൂടുതല്‍ ഭാരമുണ്ടെങ്കില്‍ ഓരോ കിലോയ്ക്കും പണം ഈടാക്കും. ഓരോ ക്ലാസിനനുസരിച്ച് ലഗേജ് പരിധിയിലും നിരക്കിലും വ്യത്യാസവും ഉണ്ടാവും. ലഭിക്കുന്ന വിവരമനുസരിച്ച് എ.സി. ഫസ്റ്റ് ക്ലാസില്‍ 70 കിലോ വരെ സൗജന്യമായി കൊണ്ടുപോകാം. എ.സി. ടു ടയറില്‍ 50 കിലോ ആയിരിക്കും പരിധി. എ.സി. ത്രീടയറിലും സ്ലീപ്പറിലും 40 കിലോയും ജനറല്‍ കോച്ചില്‍ 35 കിലോയും പരിധി നിശ്ചയിക്കുമെന്ന് അറിയുന്നു. സ്ഥലം മുടക്കുന്ന തരത്തില്‍ വലിയ ബാഗുകളോ ചാക്കുകളോ കയറ്റിയാല്‍ ഭാരം നോക്കാതെതന്നെ പിഴയീടാക്കാനും നീക്കമുണ്ട്.
യാത്രക്കാര്‍ക്ക് ശുഭയാത്രയ്ക്കൊപ്പം റെയില്‍വെയ്ക്ക് വരുമാനം വര്‍ധിപ്പിക്കാനും ഇതിലൂടെ സാധിക്കും. റെയില്‍വെ സ്റ്റേഷനുകളില്‍ എയര്‍പോര്‍ട്ടിലേതിന് സമാനമായി പ്രീമിയം സ്റ്റോറുകള്‍ തുടങ്ങാനും നീക്കമുണ്ട്. വസ്ത്രങ്ങള്‍, ചെരുപ്പ്, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന തരത്തിലായിരിക്കും ഷോപ്പുകള്‍ക്ക് അനുമതി നല്‍കുക. നിര്‍ദേശങ്ങളെല്ലാം റെയില്‍വെയുടെ സജീവ പരിഗണനയില്‍ ആണെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.