ഇന്ത്യന്‍ റെയില്‍വേയിലെ തിക്കും തിരക്കും എപ്പോളും വിമര്‍ശനത്തിന് വിധേയമാകാറുള്ള വിഷയമാണ്. ഇപ്പോളിതാ തിരക്കേറിയ ട്രെയിൻ കമ്പാർട്ടുമെന്റിൽ ശ്വസിക്കാൻ പാടുപെടുന്ന ഒരു പെൺകുട്ടിയുടെ വിഡിയോയാണ് പ്രചരിക്കുന്നത്. പിന്നാലെ യാത്രക്കാരുടെ ആരോഗ്യവും സുരക്ഷയും സംബന്ധിച്ച് വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
വിഡിയോയില്‍, എങ്ങും തിരക്കുതന്നെയാണ്. പ്ലാറ്റ്ഫോമിലും റെയില്‍വേ കംപാര്‍ട്മെന്‍റിലും കനത്ത തിരക്ക് അനുഭവപ്പെടുന്നത് വ്യക്തം. ഇതിനിടെ തിരക്കേറിയ ട്രെയിനിൽ ശ്വാസമെടുക്കാന്‍ പാടുപെടുകയാണ് പെണ്‍കുട്ടി. ശുദ്ധവായു ലഭിക്കാൻ ജനാല തുറക്കാന്‍ ശ്രമിക്കുന്നതും ചൂടുകൊണ്ട് വെള്ളം തളിക്കുകയും ചെയ്യുന്നതും വിഡിയോയില്‍ കാണാം. ഉത്സവ സീസണിലെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യപ്പെട്ട്, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, റെയിൽവേ മന്ത്രാലയം, റെയിൽവേ സേവ എന്നിവയെ ടാഗ് ചെയ്തുകൊണ്ടാണ് വിഡിയോ പങ്കിട്ടിരിക്കുന്നത്.
തിരക്കേറിയ സ്റ്റേഷനുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തിരക്ക് നിയന്ത്രിക്കുക, തിരക്കേറിയ ദിവസങ്ങളിൽ സിആർപിഎഫ് പോലുള്ള സുരക്ഷാ സേനയെ വിന്യസിക്കുക തുടങ്ങിയ നിര്‍ദേശങ്ങളുമായാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിഡിയോയ്ക്ക് മറുപടിയായി റെയിൽവേ സേവയുമെത്തി. ദൃശ്യങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച റെയില്‍വേ സേവ കൂടുതൽ അന്വേഷണത്തിനായി സംഭവസ്ഥലം, സംഭവം നടന്ന തീയതി, മൊബൈൽ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ പങ്കിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, വിഡിയോയില്‍ ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുന്ന പെണ്‍കുട്ടിയെ സഹായിക്കുന്നതിന് പകരം കാഴ്ചക്കാരായി നില്‍ക്കുന്നതിന് മറ്റുയാത്രക്കാരെയും നെറ്റിസണ്‍സ് വിമര്‍ശിക്കുന്നുണ്ട്. ‘ഒരു പെണ്‍കുട്ടി ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുമ്പോള്‍ ജനം ചിരിക്കുന്നു, അത് റെക്കോര്‍ഡ് ചെയ്യുന്നു’ എന്നാണ് ഒരു ഉപയോക്താവ് വിഡിയോക്ക് താഴെ കുറിച്ചിരിക്കുന്നത്. ഈ പെരുമാറ്റത്തെ മനുഷ്യത്വരഹിതം എന്ന് വിശേഷിപ്പിച്ചും ആളുകളെത്തി. ‘ആളുകള്‍ക്ക് സഹാനുഭൂതിയില്ലെന്നും പരിഷ്കൃതമായ പെരുമാറ്റമല്ല ഇതെന്നും ആളുകള്‍ അഭിപ്രായപ്പെട്ടു. അടിയന്തര സാഹചര്യങ്ങളില്‍ എന്തുചെയ്യണമെന്നുള്ള ധാരണയില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.