ജസ്റ്റിസ് യശ്വന്ത് വര്‍മയെ നീക്കംചെയ്യാനുള്ള നടപടികള്‍ക്ക് ലോക്സഭയില്‍ തുടക്കം. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ സ്പീക്കര്‍ നിയോഗിച്ചു . ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരിക്കെ വീട്ടില്‍നിന്ന് നോട്ട്കെട്ടുകള്‍ കണ്ടെത്തിയ കേസിലാണ് നടപടി.
ജസ്റ്റിസ് യശ്വന്ത് വര്‍മയെ നീക്കണം എന്നാവശ്യപ്പെട്ട് ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നുമായി 146 എംപിമാര്‍ ഒപ്പുവച്ച പ്രമേയം അംഗീകരിച്ചാണ് ലോക്സഭ സ്പീക്കര്‍ അന്വേഷണ സമിതിയെ നിയോഗിച്ചത്. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാര്‍, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മനീന്ദര്‍ മോഹന്‍ ശ്രീവാസ്തവ, കര്‍ണാടക ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ബി.വി.ആചാര്യ എന്നിവരാണ് അംഗങ്ങള്‍.
ആരോപണത്തില്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യമുണ്ടെന്നും എത്രയുംവേഗം അന്വേഷണം പൂര്‍ത്തിയാക്കി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സ്പീക്കര്‍ ഓംബിര്‍ല പറഞ്ഞു.
സ്പീക്കര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം ജസ്റ്റിസ് വര്‍മയെ നീക്കാനുള്ള നടപടികള്‍ ആരംഭിക്കും. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരിക്കെ വസതിയില്‍ ഉണ്ടായ തീപിടിത്തം അണയ്ക്കാന്‍ ഫയര്‍ഫോഴ്സ് എത്തിയപ്പോള്‍ പാതി കത്തിയ നിലയില്‍ വന്‍തോതില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്നും ഇത് കണക്കില്‍പ്പെടാത്ത പണം ആയിരുന്നു എന്നുമാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്ക് എതിരായ പരാതി.
സുപ്രീംകോടതി നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ജസ്റ്റിസ് വര്‍മ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇംപീച്ച് ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശിക്കുകയും ചെയ്തു. ഇതിനെതിരെ ജസ്റ്റിസ് വര്‍മ നല്‍കിയ അപ്പീലും കോടതി തള്ളിയിരുന്നു. നിലവില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജിയാണ് യശ്വന്ത് വര്‍മ.