AI Created Image, AI ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ കല്യാൺ-ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷൻ (കെ.ഡി.എം.സി.) ഇറച്ചിക്കടകൾക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ പ്രതിഷേധം. ഓഗസ്റ്റ് 14 അർദ്ധരാത്രി മുതൽ ഓഗസ്റ്റ് 15 അർദ്ധരാത്രി വരെ എല്ലാ കശാപ്പുശാലകളും മാംസവ്യാപാര സ്ഥാപനങ്ങളും അടച്ചിടണമെന്ന കോർപ്പറേഷൻ ഉത്തരവിനെതിരെ എൻ.സി.പി. (എസ്.പി.) രംഗത്തെത്തി.
കല്യാൺ-ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷന്റെ ഉത്തരവ് പ്രകാരം, ആട്, കോഴി, വലിയ മൃഗങ്ങൾ എന്നിവയുടെ കശാപ്പുശാലകളും മാംസം വിൽക്കുന്ന കടകളും 24 മണിക്കൂർ അടച്ചിടണം. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ 1949-ലെ മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷൻ നിയമപ്രകാരം നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഈ നീക്കത്തെ ശക്തമായി വിമർശിച്ച് എൻ.സി.പി. (എസ്.പി.) നേതാവ് ജിതേന്ദ്ര അവഹാദ് രംഗത്തെത്തി. താൻ സ്വാതന്ത്ര്യദിനത്തിൽ മട്ടൺ പാർട്ടി നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. "നമുക്ക് സ്വാതന്ത്ര്യം ലഭിച്ച ദിവസം, നമുക്ക് ഇഷ്ടമുള്ളത് കഴിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾ കവർന്നെടുക്കുകയാണ്. ആളുകൾ എന്ത് കഴിക്കണം, എപ്പോൾ കഴിക്കണം എന്ന് തീരുമാനിക്കാൻ നിങ്ങൾ ആരാണ്?" എന്ന് അദ്ദേഹം എക്‌സിലെ പോസ്റ്റിൽ കുറിച്ചു.
അതേസമയം, പൊതു ക്രമസമാധാനം ഉറപ്പാക്കുന്നതിനും ദേശീയ ദിനങ്ങൾ ആചരിക്കുന്നതിനുമുള്ള ദീർഘകാല ഭരണപരമായ തീരുമാനങ്ങൾക്ക് അനുസൃതമായാണ് ഈ നീക്കമെന്ന് ഉത്തരവിൽ ഒപ്പിട്ട ഡെപ്യൂട്ടി കമ്മീഷണർ കാഞ്ചൻ ഗെയ്ക്‌വാദ് വിശദീകരിച്ചു.