ഉത്തരകാശി മേഘവിസ്ഫോടനത്തിന്‍റെ ഭീകര ദൃശ്യങ്ങള്‍ കണ്ട് വിറങ്ങലിച്ച് നില്‍ക്കുകയാണ് രാജ്യം. വീടുകള്‍ ഉള്‍പ്പെടെ കെട്ടിടങ്ങള്‍ തകര്‍ത്ത് കുത്തിയൊഴുകുന്ന വെള്ളത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മണ്ണും ചെളിയും വെള്ളവും ചേര്‍ന്നൊഴികിയെത്തുന്നതിനിടയില്‍ ജീവനായി പായുന്ന മനുഷ്യരുടെ ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നിരിക്കുകയാണ്. ഓടിരക്ഷപെടാന്‍ ശ്രമിക്കുന്ന മനുഷ്യര്‍ക്കിടയിലേക്കാണ് പ്രളയജലം മൂടിയത്. കെട്ടിങ്ങളേയും തുടച്ചുനീക്കിയാണ് പ്രളയജലം മുന്നോട്ട് നീങ്ങി. നാട്ടുകാരും വിനോദ സഞ്ചാരികളുമടക്കം ഇരുന്നൂറിലേറെപ്പേര്‍ സ്ഥലത്തുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
സൈനിക ക്യാംപിലുണ്ടായ വെള്ളപ്പൊക്കത്തില്‍ പത്തുപേരെ കാണാതായെന്നാണ് സൂചന. ഹർഷിലിലെ സൈനിക ക്യാമ്പിൽ നിന്ന് വെറും 4 കിലോമീറ്റർ അകലെയുള്ള ധരാലിയിലാണ് ഇന്നലെ ഉച്ചയ്ക്ക് മേഘവിസ്ഫോടനം ഉണ്ടായത്. ഗംഗോത്രിയിലേക്കുള്ള വഴിയിലെ പ്രധാന ഇടത്താവളമാണ് ധരാലി.
ധരാലി ഗ്രാമത്തിലെ വലിയൊരുപ്രദേശമാകെ മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും ഒലിച്ചുപോയി. ഇരുപത് ഹോട്ടലുകളും ഹോംസ്റ്റേകളും ഒലിച്ചുപോയി. ധരാലിയില്‍ മേഘവിസ്ഫോടനമുണ്ടായി മണിക്കൂറുകള്‍ക്കം സുഖി ടോപ്പിലും മേഘവിസ്ഫോടനമുണ്ടാവുകയായിരുന്നു. പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് മാർക്കറ്റ് പൂർണ്ണമായും നശിച്ചു. ലോവര്‍ ഹർഷിലിലെ സൈനിക ക്യാംപിലും ഹെലിപാഡിലും നാശനഷ്ടമുണ്ടായി.