school-meal

പ്രതീകാത്മക ചിത്രം.

സര്‍ക്കാര്‍ സ്കൂളില്‍ വിതരണം ചെയ്യാന്‍ തയ്യാറാക്കിയ ഉച്ചഭക്ഷണത്തില്‍ തെരുവുനായ തലയിട്ടു. ഇത് കണ്ട കുട്ടികള്‍ സ്കൂള്‍ അധികൃതരോട് പരാതി പറഞ്ഞുവെങ്കിലും അത് ചെവിക്കൊള്ളാതെ അതേ ഭക്ഷണം തന്നെ കുട്ടികള്‍ക്ക് വിളമ്പി. സംഭവം കുട്ടികള്‍ വീട്ടിലെത്തി മാതാപിതാക്കളോട് പറഞ്ഞതോടെ വലിയ പ്രതിഷേധം ‌‌‌ഉടലെടുത്തു. പിന്നാലെ സ്കൂളിലെ 78 കുട്ടികള്‍ക്ക് പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പെടുത്തു. ഛത്തീസ്ഗഡിലെ ബലോദബസാറിലാണ് സംഭവം.

കഴിഞ്ഞ ചൊവ്വാഴ്ച ലച്ചാപുരിലുള്ള ഗവണ്‍മെന്‍റ് മിഡില്‍ സ്കൂളിലാണ് സംഭവം. അന്ന് സ്കൂളില്‍ വിതരണം ചെയ്ത ഭക്ഷണത്തിലാണ് തെരുവുനായ തലയിട്ടത്. ഈ കാഴ്ച ചില വിദ്യാര്‍ഥികള്‍ കണ്ടു. അവരത് സ്കൂളിലെ അധ്യാപകരെ അറിയിച്ചു. ഭക്ഷണം വിതരണം ചെയ്യുന്നവരോട് അധ്യാപകര്‍ ഇക്കാര്യം ആരാഞ്ഞു. എന്നാല്‍ അങ്ങനെയൊന്നുമില്ല എന്നുപറഞ്ഞ് അവര്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം വിളമ്പി. 84 കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയതായാണ് വിവരം. 

സംഭവത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ മാതാപിതാക്കളോട് പറഞ്ഞതോടെയാണ് പ്രതിഷേധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. മാതാപിതാക്കളും നാട്ടുകാരും സ്കൂളിലേക്കെത്തി. സ്കൂള്‍ മാനേജ്മെന്‍റ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജാലേന്ദ്ര സാഹുവടക്കമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. തെരുവുനായ തലയിട്ട ഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കിയതെന്ന സംശയം ബലപ്പെട്ടുവെങ്കിലും സ്ഥിരീകരിക്കാന്‍ തെളിവുകളുണ്ടായിരുന്നില്ല. ഇതോടെയാണ് കുട്ടികള്‍ക്ക് വാക്സിനെടുക്കാന്‍ തീരുമാനിച്ചത്. ശനിയാഴ്ച സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനും കുട്ടികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കാനുമായി അന്വേഷണസംഘം സ്കൂളിലെത്തി. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല.

ENGLISH SUMMARY:

A stray dog put its head into the midday meal prepared for distribution at a government school. Although the children noticed it and reported the incident to the school authorities, they were ignored and served the same food. The issue came to light when the children informed their parents after reaching home, leading to widespread protests. Following this, 78 students from the school were administered rabies vaccinations. The incident occurred in Balodabazar, Chhattisgarh.