ലഗേജിന് അധിക നിരക്ക് ആവശ്യപ്പെട്ടതിന്‍റെ പേരില്‍ സ്പൈസ് ജെറ്റ് ജീവനക്കാരെ ആക്രമിച്ച് സൈനികന്‍. ശ്രീനഗര്‍ വിമാനത്താവളത്തിലാണ് സംഭവം.ആക്രമണത്തില്‍ നാല് ജീവനക്കാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഒരാള്‍ക്ക് നട്ടെല്ലിന് പൊട്ടലേറ്റതായും മറ്റൊരാള്‍ക്ക് താടിയെല്ലിന് ഗുരുതര പരുക്കേറ്റതായും സ്പൈസ് ജെറ്റ് അറിയിച്ചു. ജീവനക്കാരെ ആക്രമിച്ച സൈനിക ഉദ്യോഗസ്ഥന്‍ ലഫ്റ്റനന്‍റ് കേണല്‍ നിതീഷ് കുമാര്‍ സിങ്ങിനെതിരെ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ഡൽഹിയിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ ലെഫ്റ്റനന്റ് കേണൽ നിതീഷ് കുമാര്‍ സിംങിന്റെ കൈവശം 16 കിലോഗ്രാം ഭാരമുള്ള രണ്ട് ക്യാബിൻ ബാഗുകളുണ്ടായിരുന്നു. 7 കിലോഗ്രാം മാത്രമാണ് അനുവദനീയമായ പരിധി. അധികമുള്ള ലഗേജിന് അധിക നിരക്ക് ഈടാക്കുമെന്ന് ജീവനക്കാർ പറഞ്ഞപ്പോള്‍ സൈനികന്‍ പണം നൽകാൻ വിസമ്മതിക്കുകയും അക്രമാസക്തനാവുകയുമായിരുന്നു. ജൂലൈ 26 ന് നടന്ന സംഭവത്തിന്‍റെ വിഡിയോ ദൃശ്യം പുറത്തുവന്നു. ദൃശ്യങ്ങളില്‍ ഇദ്ദേഹം സ്റ്റീൽ സൈൻബോർഡ് സ്റ്റാൻഡ് ഉപയോഗിച്ച് ജീവനക്കാരെ ആക്രമിക്കുന്നത് കാണാം.
അമിത ലഗേജിന് പണം നല്‍കാന്‍ വിസമ്മതിച്ച ഇദ്ദേഹം ബോർഡിങ് നടപടികൾ പൂർത്തിയാക്കാതെ വിമാനത്തിലേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥൻ ഇദ്ദേഹത്തെ ഗേറ്റിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോഴാണ് ആക്രമാസക്തനായത്. മര്‍ദനത്തില്‍ ഒരു ജീവനക്കാരന്‍ നിലത്തുവീണ് അബോധാവസഥയിലായിട്ടും ആക്രമണം തുടർന്നു. പിടിച്ചുമാറ്റാനെത്തിയ മറ്റൊരു ജീവനക്കാരന്‍റെ താടിയെല്ലില്‍ ചവിട്ടിയതിനാല്‍ മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വന്നതായും എയര്‍ലൈന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പരുക്കേറ്റ ജീവനക്കാരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്പൈസ് ജെറ്റ് വ്യോമയാന മന്ത്രാലയത്തിന് രേഖാമൂലം പരാതി നൽകുകയും ഉചിതമായ നടപടി ആവശ്യപ്പെടുകയും ചെയ്തു. വ്യോമയാന നിയമങ്ങൾക്കനുസരിച്ച് യാത്രക്കാരനെ നോ-ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നടപടികളും ആരംഭിച്ചു.അതേ സമയം സംഭവം ശ്രദ്ധയില്‍പെട്ടതായും അന്വേഷണം നടക്കുന്നുണ്ടെന്നും സൈന്യം അറിയിച്ചു. എല്ലാ തലത്തിലും അച്ചടക്കം പാലിക്കാൻ സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും സൈനിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.