കയ്യക്ഷരം മോശമായതിന് വിദ്യാര്‍ഥിയുടെ കൈ മെഴുകുതിരി കൊണ്ട് പൊള്ളിച്ച് അധ്യാപിക. മുംബൈയിലെ മലഡിലാണ് ട്യൂഷന്‍ ടീച്ചര്‍ എട്ടുവയസുകാരന്‍റെ കൈ പൊള്ളിച്ചത്. ജൂലൈ 28ന് വൈകിട്ട് രാജശ്രീ റാത്തോര്‍ എന്ന യുവതിയുടെ ട്യൂഷന്‍ ക്ലാസില്‍ വച്ചായിരുന്നു സംഭവം. എന്നും വൈകിട്ട് ഏഴു മണി മുതല്‍ ഒന്‍പത് മണി വരെയാണ് മുഹമ്മദ് ഹംസ ഖാന്‍ എന്ന വിദ്യാര്‍ഥി ഇവിടെ ട്യൂഷന്‍ ക്ലാസിന് വന്നുകൊണ്ടിരുന്നത്.
രാത്രി ഒന്‍പത് മണിയായപ്പോള്‍ കുട്ടി നിര്‍ത്താതെ കരയുകയാണെന്ന് പറഞ്ഞ് അധ്യാപിക തന്നെയാണ് അച്ഛനെ വിളിച്ചുവരുത്തിയത്. വീട്ടിലേക്ക് തിരിച്ചുപോകവേയാണ് അധ്യാപിക കൈ പൊള്ളിച്ചതിനെ പറ്റി കുട്ടി അച്ഛനോട് പറഞ്ഞത്. കയ്യക്ഷരം മോശമായതുകൊണ്ടാണ് അധ്യാപിക ഇങ്ങനെ ചെയ്തതെന്നും കുട്ടി പറഞ്ഞു.
ഉടന്‍ തന്നെ അച്ഛന്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അച്ഛന്‍റെ പരാതിയില്‍ രാജശ്രീക്കെതിരെ പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.