ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്കരണത്തെ ചൊല്ലി തിരഞ്ഞെടുപ്പ് കമ്മിഷനും പ്രതിപക്ഷവും നേര്‍ക്കുനേര്‍. വ്യാജവോട്ടുകള്‍ അനുവദിക്കണം എന്നാണോ പ്രതിപക്ഷം പറയുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചോദിച്ചു. പ്രസ്താവന അസംബന്ധമാണെന്നും പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്ന കാര്യം ആലോചിക്കുമെന്ന് തജസ്വി യാദവും പറഞ്ഞു. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും തടസപ്പെട്ടു.
പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വോട്ടര്‍ പട്ടിക പരിഷ്കരണത്തെ ന്യായീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ രംഗത്തെത്തിയത്. രാഷ്ട്രീയം മാറ്റിവച്ച് പാര്‍ട്ടികള്‍ ചിന്തിക്കണം. മരിച്ചവരുടെയും നാട്ടിലില്ലാത്തവരുടെയും പേരില്‍ വ്യാജ വോട്ട് അനുവദിക്കുകയാണോ വേണ്ടത്. ഭരണഘടനാവിരുദ്ധമായി വിദേശപൗരന്‍മാര്‍ക്ക് വോട്ടനുവദിക്കണം എന്നാണോ പറയുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചോദിച്ചു.
പ്രസ്താവന അസംബന്ധമെന്ന് പ്രതികരിച്ച രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെന്നും പോരാട്ടം തുടരുമെന്നും വ്യക്തമാക്കി. വോട്ടെടുപ്പ് ബഹിഷ്കരിക്കുന്ന കാര്യം ആലോചിക്കുമെന്നും ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളുമായി ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നും ആര്‍.ജെ.ഡി. നേതാവ് തേജസ്വി യാദവും പ്രതികരിച്ചു
വോട്ടര്‍ പട്ടിക പരിഷ്കരണത്തെ ചൊല്ലിയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും ഇന്നും തടസപ്പെട്ടു. ലോക്സഭയില്‍ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയത്.