ജഗ്ദീപ് ധന്‍കറിന്‍റെ രാജിക്കുപിന്നാലെ അടുത്ത ഉപരാഷ്ട്രപതി ആരാവും എന്നതില്‍ ചര്‍ച്ച സജീവം.പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുതല്‍ ബിജെപി ദേശീയ അധ്യക്ഷ സ്ഥാനമൊഴിയുന്ന ജെ.പി നഡ്ഡയുടെ പേര് വരെ ഉയര്‍ന്നു കേള്‍ക്കുന്നു.
ഭരണഘടനയനുസരിച്ച് ഉപരാഷ്ട്രപതി രാജിവച്ചാല്‍ 60 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം.പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ കേന്ദ്രസര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ബി.ജെ.പി. ദേശീയ അധ്യക്ഷ സ്ഥാനമൊഴിയുന്ന കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയുടെപേരും പരിഗണനയില്‍ ഉണ്ട്. കഴിഞ്ഞതവണ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് സാധ്യത കല്‍പിച്ചിരുന്ന ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് പട്ടികയിലുള്ള മറ്റൊരാള്‍. കേരളത്തിലും ബിഹാറിലുമായി അഞ്ചു വര്‍ഷത്തിലധികമായി ഗവര്‍ണര്‍ പദവിയില്‍ തുടരുകയാണ് അദ്ദേഹം.
ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാരാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള ഇലക്ടറല്‍ കോളജില്‍ ഉള്ളത്. എന്‍.ഡി.എയ്ക്ക് കേവല ഭൂരിപക്ഷം ഉള്ളതിനാല്‍ പ്രതിപക്ഷ പിന്തുണയില്ലാതെ തന്നെ സ്ഥാനാര്‍ഥിയെ ജയിപ്പിക്കാം. ശശി തരൂര്‍ ഉപരാഷ്ട്രപതിയാകും എന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചെങ്കിലും തീര്‍ത്തും അടിസ്ഥാനരഹിതമായ പ്രചാരണമാണെന്ന് തരൂരിനോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു.